InternationalLatest

ഗ്വാണ്ടനാമോ തടവറയില്‍ നിന്ന് ‘അവസാന പാകിസ്താനി’യും നാട്ടിലെത്തി

മടക്കം 20 വര്‍ഷത്തിന് ശേഷം

“Manju”

ഇസ് ലാമാബാദ്: ഭീകരവേട്ടയാലും കൊടുംക്രൂരതയാലും പേരുകേട്ട ഗ്വാണ്ടനാമോ തടവറയില്‍ നിന്ന് ‘അവസാന’ പാകിസ്താന്‍ പൗരനും നാട്ടിലെത്തി. 20 വര്‍ഷത്തെ തടവറവാസത്തിന് ശേഷമാണ് പാക് പൗരനായ സൈഫുല്ല പരാച്ച നാട്ടിലേക്ക് മടങ്ങിയത്. ഇപ്പോള്‍ 74 വയസായ സൈഫുല്ലയെ 2003ല്‍ ബാങ്കോക്കില്‍ നിന്ന് അല്‍ ഖാഇദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. ഗ്വാണ്ടനാമോയിലെ ‘അവസാന പാകിസ്താനി’ എന്നാണ് പാകിസ്താന്‍ സാമ ന്യൂസ് സൈഫുല്ലയെ വിശേഷിപ്പിച്ചത്.
ദൈര്‍ഘ്യമേറിയ നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് സൈഫുല്ലയെ അതീവ സുരക്ഷാ ജയിലില്‍ നിന്ന് മോചിപ്പിച്ചതെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശത്ത് തടവിലായ ഒരു പാക് പൗരന്‍ ഒടുവില്‍ കുടുംബവുമായി വീണ്ടും ഒന്നിച്ചതില്‍ സന്തോഷമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ക്യൂബയുടെ തെക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ഗ്വണ്ടാനമോ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ഗ്വണ്ടാനമോ ബേ തടവറ മനുഷ്യാവകാശലംഘനത്തിന് പേരുകേട്ടതാണ്. 2001 സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് ശേഷം വിദേശത്ത് നിന്ന് പിടികൂടിയ തീവ്രവാദികളെന്ന് സംശയിക്കുന്നവരെ തടവില്‍ പാര്‍പ്പിക്കാനാണ് ഈ തടവറ ഉപയോഗിച്ചിരുന്നത്. 2006 ഡിസംബറില്‍ യു.എസ്. പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷിന്‍റെ നിര്‍ദേശ പ്രകാരമാണ് തുറന്ന ജയില്‍ നിര്‍മിച്ചത്.
1903ല്‍ നിലവില്‍ വന്ന ക്യൂബന്‍-അമേരിക്കന്‍ കരാറുപ്രകാരം അമേരിക്ക ക്യൂബയില്‍ നിന്ന് പാട്ടത്തിനെടുത്തതാണ് ഈ സ്ഥലം. പിന്നീട് ക്യൂബയുമായുള്ള നയതന്ത്രബന്ധം അമേരിക്ക വിച്ഛേദിച്ച ശേഷവും ഇരു രാജ്യങ്ങളും സ്വന്തം സ്ഥലങ്ങള്‍ വേലികെട്ടിത്തിരിച്ചു. 1991ല്‍ ഹെയ്തി കലാപകാരികളെ തടവിലിടാന്‍ വേണ്ടി യു.എസ് ഇവിടെ ക്യാമ്ബുകള്‍ നിര്‍മിച്ചിരുന്നു.
സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിനും അമേരിക്കയുടെ അഫ്ഗാനിസ്താന്‍ ആക്രമണത്തിനും ശേഷമാണ് ഗ്വണ്ടാനമോ തടവറകള്‍ കൂടുതല്‍ ചര്‍ച്ചയായത്. കുപ്രസിദ്ധമായ തടവറയിലെ ക്രൂരമായ പീഡനമുറകളുടെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ യു.എസിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ലോകത്ത് ഉയര്‍ന്നത്.
നേരത്തേ, ഗ്വണ്ടാനമോ അടച്ചുപൂട്ടുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ തെരഞ്ഞെടുപ്പിന്മുമ്ബ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തടവുകാരെ യു.എസിലേക്ക് മാറ്റാന്‍ സെനറ്റിന്‍റെ പ്രത്യേക അനുമതി ആവശ്യമായതിനാല്‍ പെട്ടെന്ന് അടച്ചുപൂട്ടാന്‍ കഴിയില്ല. ഗ്വാണ്ടനാമോ ജയിലില്‍ നിലവില്‍ 30 തടവുകാരുണ്ട്.
തടവിലാക്കപ്പെട്ട 36 പേരില്‍ അഞ്ച് പേര്‍ക്ക് ഗൂഢാലോചന, യുദ്ധനിയമം ലംഘിച്ച്‌ കൊലപാതകം, കപ്പലോ വിമാനമോ തട്ടിയെടുക്കുകയോ അപകടപ്പെടുത്തുകയോ ചെയ്യല്‍, സെപ്റ്റംബര്‍ 11 ആക്രമണ കേസിലെ ഭീകരവാദം എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. യു.എസ്.എസ് കോളില്‍ ബോംബെറിഞ്ഞ അബ്ദുല്‍ റഹീം അല്‍ നഷിരിയും തടവറയിലുണ്ട്. 2008ലാണ് അവസാനമായി തടവുകാരന്‍ ഗ്വാണ്ടനാമോയിലെത്തിയത്.

Related Articles

Back to top button