IndiaLatest

ലോക്‌സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 5ന്

“Manju”

ഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തിലേക്കും മറ്റ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
ഡിസംബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളിലാണ് ഉപ തെരഞ്ഞെടുപ്പ്.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന മുലായം സിങ് യാദവ് ഒക്ടോബര്‍ പത്തിനാണ് അന്തരിച്ചത്. എസ്പി നേതാവ് മുഹമ്മദ് അസംഖാനെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ രാംപൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2019ല്‍ വിദ്വേഷപ്രസംഗം നടത്തിയതിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച അസംഖാനെ സ്പീക്കര്‍ അയോഗ്യനാക്കിയിരുന്നു.

കോണ്‍ഗ്രസ് എംഎല്‍എ ഭന്‍വര്‍ലാല്‍ ശര്‍മയുടെ മരണത്തെ തുടര്‍ന്നാണ് രാജസ്ഥാനിലെ സര്‍ദര്‍ശഹര്‍ നിയമസഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒഡീഷയിലെ പദംപൂര്‍, ബിഹാറിലെ കുര്‍ഹാനി, ഛത്തീസ്ഗഡിലെ ഭാനുപ്രതാപൂര്‍ എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നിയമസഭാ സീറ്റുകള്‍. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും വോട്ടെണ്ണല്‍ ദിവസം തന്നെയാണ് ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം.

Related Articles

Back to top button