KeralaLatest

മുൻ രാഷ്ട്രപതി കെ.ആര്‍. നാരായണനെ അനുസ്മരിച്ചു

“Manju”

കോട്ടയം : മുൻ രാഷ്ട്രപതി ഡോ.കെ ആർ നാരായണന്റെ 17 മത് അനുസ്മരണദിനാചരണം ഇന്നലെ (നവംബർ 9 ബുധനാഴ്ച ) ഉഴവൂർ പൂവത്തിങ്കലുള്ള നവജ്യോതി ശ്രീകരുണാകരഗുരു റിസർച്ച് സെന്റർ ഫോർ ആയുർവേദ & സിദ്ധ കേന്ദ്രത്തിൽ വെച്ച് നടന്നു. ഉഴവൂർ ഗ്രാമപഞ്ചായത്തും ശാന്തിഗിരി ആശ്രമവും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം അഡ്വ.തോമസ് ചാഴിക്കാടൻ എം പി ഉദ്ഘാടനം ചെയ്തു. അഡ്വ.മോൻസ് ജോസഫ് എം എൽ എ അധ്യക്ഷനായിരുന്നു.

ആദരണീയനായ ഡോ.കെ ആർ നാരായണന്റെ ജീവിതവും കർമ്മപഥവും ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണന്ന് എം പി പറഞ്ഞു. എളിയ നിലയില്‍ നിന്ന് രാജ്യത്തിന്റെ സമുന്നതപദവിയിലെത്തുവാൻ അദ്ദേഹം നടത്തിയ ജീവിത സമരം ഏവര്‍ക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോണീസ് പി.സ്റ്റീഫൻ, ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയ സിറ്റി ഇൻചാർജ് സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇൻചാർജ്‌ ഡോ.സിന്ധുമോൾ ജേക്കബ്ബ്, ശാന്തിഗിരി ആശ്രമം വൈക്കം ഇൻചാർജ് സ്വാമി ജയപ്രിയ ജ്ഞാനതപസ്വി, കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പർ പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എൻ രാമചന്ദ്രൻ, ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഏലിയാമ്മ കുരുവിള, മെമ്പർ ബിൻസി അനിൽ പട്ടാശ്ശേരിൽ, ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.സ്റ്റീഫൻ മാത്യു , ഒ എൽ എൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ സാബു തോമസ്, ഡോ.ജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

നല്ല ഭക്ഷണം നല്ല ആരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷൻ മെഡിക്കൽ സൂപ്രണ്ട് ഡോ. ബി രാജ്കുമാർ ക്ലാസ്സ് എടുത്തു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും ഒ എൽ എൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പങ്കെടുത്തവരെല്ലാം അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

 

Related Articles

Back to top button