KeralaLatest

കേരളത്തില്‍ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിയ്‌ക്ക് ഇന്ന് തുടക്കം

“Manju”

തിരുവനന്തപുരം: കരസേനയില്‍ അഗ്നിവീരന്മാരാകാന്‍ അവസരമൊരുക്കുന്ന അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയ്‌ക്ക് ഇന്ന് തുടക്കമാകും. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കുന്ന റാലിയില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. റിക്രൂട്ട്‌മെന്റ് റാലി 25-നാണ് സമാപിക്കുന്നത്. തുടര്‍ന്ന് 26 മുതല്‍ 29 വരെ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാര്‍ഥികളാണ് റാലിയില്‍ പങ്കെടുക്കുന്നത്. അഗ്നിവീര്‍ ടെക്നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്സ്മെന്‍ (പത്താം ക്ലാസ്, എട്ടാം ക്ലാസ്), അഗ്‌നിവീര്‍ (ക്ലര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍) വിഭാഗങ്ങളിലേക്കാണ് അഗ്നിവീരന്മാരെ തിരഞ്ഞെടുക്കുന്നത്.

സോള്‍ജിയര്‍ ടെക്നിക്കല്‍ നഴ്സിങ് അസിസ്റ്റന്റ് / നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി, ജൂനിയര്‍ കമീഷന്‍ഡ് ഓഫീസര്‍ എന്നീ വിഭാഗങ്ങളിലാണ് ആര്‍മി റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കേരളം കൂടാതെ, കര്‍ണാടക, ലക്ഷദ്വീപ്, മാഹി സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളും പങ്കെടുക്കും.

ദിനംപ്രതി 2,000-ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ റിക്രൂട്ട്‌മെന്‍റ് റാലിക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. റിക്രൂട്ട്‌മെന്റിന് എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജില്ലാഭരണകൂടം താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. റെയില്‍വേ കമ്യൂണിറ്റി ഹാളിലാണ് താമസ സൗകര്യം സജ്ജമാക്കിയിരിക്കുന്നത്.

സൈന്യത്തിന്റെ റിക്രൂട്ട്‌മെന്റ് സൗജന്യ സേവനമാണെന്നും ജോലിവാഗ്ദാനവുമായി എത്തുന്നവരെ കരുതിയിരിക്കണമെന്നും കരസേന അധികൃതര്‍ മുന്നറിയിപ്പ്
നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം യഥാര്‍ത്ഥ രേഖകളും കരുതണമെന്നും റിക്രൂട്ട്‌മെന്റ് വാഗ്ദാനം നല്‍കുന്നവര്‍ക്ക് യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറരുതെന്നും കരസേന അറിയിച്ചു.

 

Related Articles

Back to top button