KeralaLatest

കൊല്ലത്ത്‌ കെ – ഫോണ്‍ സേവനം ആരംഭിച്ചു; 1877 സ്ഥാപനങ്ങളില്‍ കണക്ഷന്‍

“Manju”

കൊല്ലം : ടെലികോം മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ കെ – ഫോണിന്റെ സേവനം ജില്ലയില്‍ ആരംഭിച്ചു. വിദ്യാലയങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കെഎസ്‌ഇബി എന്നിവയടക്കമുള്ള 1877 സ്ഥാപനങ്ങളിലാണ് കണക്ഷന്‍ നല്‍കിയത്. ആദ്യഘട്ടമായി ജില്ലയിലെ 2065 ഓഫീസുകളെയാണ് കെ–-ഫോണുമായി ബന്ധിപ്പിക്കേണ്ടത്. ബാക്കി സ്ഥാപനങ്ങളില്‍ സേവനം നല്‍കുന്നതിനുള്ള നടപടി ദ്രുതഗതിയിലാണ്.
കെഎസ്‌ഇബിയും കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്ന സംയുക്ത സംരംഭമാണ് കെ –ഫോണ്‍ സേവനം. കെഎസ്‌ഇബി സബ് സ്റ്റേഷനുകളെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴി ബന്ധിപ്പിച്ചാണ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. കെഎസ്‌ഇബിയുടെ ട്രാന്‍സ്മിഷന്‍ ടവറുകളിലൂടെയുള്ള ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ സ്ഥാപിക്കല്‍ 100 ശതമാനം പൂര്‍ത്തിയായി. 188.58 കിലോമീറ്ററാണ് വയര്‍ സ്ഥാപിച്ചത്. വൈദ്യുതി പോസ്റ്റുകളിലൂടെയുള്ള എഡിഎസ്‌എസ് ഒഎഫ്സി കേബിളുകള്‍ സ്ഥാപിക്കുന്ന ജോലി 97 ശതമാനം പൂര്‍ത്തീകരിച്ചു. 1933 കിലോമീറ്ററില്‍ 1882 കിലോമീറ്ററാണ് സ്ഥാപിച്ചത്. പോപുകളില്‍ (പോയിന്റ് ഓഫ് പ്രസന്‍സ്) 26 എണ്ണവും പൂര്‍ത്തിയായി.
ആദ്യഘട്ടത്തില്‍ 
മണ്ഡലത്തില്‍ 500 
ഗാര്‍ഹിക കണക്ഷന്‍
ഇന്റര്‍നെറ്റ് പൗരന്റെ അടിസ്ഥാനാവകാശമെന്ന പ്രഖ്യാപനത്തോടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ 11 മണ്ഡലത്തിലും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 500 കുടുംബങ്ങള്‍ക്ക് വീതമാണ് സൗജന്യ ഇന്റര്‍നെറ്റ് എത്തുക. സെക്കന്‍ഡില്‍ 10 മുതല്‍ 15 എംബിപിഎസ് വേഗത്തില്‍ ദിവസം ഒന്നര ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. ഡിസംബറോടെ ജില്ലയിലെ എല്ലാ കെഎസ്‌ഇബി ഓഫീസിലും കെ–-ഫോണ്‍ എത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഡിവിഷന്‍, സെക്ഷന്‍ ഉള്‍പ്പെടെയുള്ള 29 ഓഫീസില്‍ കണക്ഷന്‍ നല്‍കി.

Related Articles

Back to top button