IndiaLatest

ദി 2 ആഫ്രിക്ക പേള്‍സ് ഇന്ത്യയിലേക്ക്

“Manju”

കടല്‍ത്തട്ടിലൂടെ ഇന്‍റര്‍നെറ്റ് എത്തിക്കുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കേബിള്‍ ശൃംഖലയായി മാറുന്ന ‘ദി 2 ആഫ്രിക്ക പേള്‍സ്’ ഇന്ത്യയിലേക്ക് വരുന്നു. ശൃംഖലയെ ഭാരതി എയര്‍ടെല്‍ ഫേസ്ബുക്ക് കമ്പനിയായ മെറ്റയുമായി സഹകരിച്ച്‌ ഇന്ത്യയുമായി ബന്ധിപ്പിക്കും. മെറ്റയുടെ പിന്തുണയോടെ 23 രാജ്യങ്ങളെ ബന്ധിപ്പിച്ച്‌ 2020 ല്‍ ആരംഭിച്ച 37,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ശൃംഖലയാണ് ദി 2 ആഫ്രിക്ക പേള്‍സ്.

കേബിളുകളുടെ നീളം 45,000 കിലോമീറ്ററായി ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍ 92 ടെലികോം കമ്പനികളുടെ ഉടമസ്ഥതയിലുള്ള സീ-മീ-വീ 3 കേബിള്‍ സിസ്റ്റമാണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ശൃംഖല (39,000 കിലോമീറ്റര്‍). ഇന്ത്യയെക്കൂടാതെ ഒമാന്‍, ഖത്തര്‍, യുഎഇ, ബഹ്‌റിന്‍, കുവൈത്ത്, ഇറാഖ്, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നിവടങ്ങളിലേക്കും ദി 2 ആഫ്രിക്ക പേള്‍സ് എത്തും. ഇതോടെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കടല്‍ത്തട്ടിലൂടെയുള്ള കേബിള്‍ ശൃംഖലയായി ഇത് മാറും.

പദ്ധതിക്കായി സൗദി ടെലികമ്യൂണിക്കേഷന്‍ കമ്പനിയുമായും എയര്‍ടെല്‍ സഹകരിക്കുന്നുണ്ട്. എയര്‍ടെല്ലിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ലാന്‍ഡിംഗ് സ്റ്റേഷനുമായി കേബിള്‍ ബന്ധിപ്പിക്കും. ചെന്നൈ (2), മുംബൈ (1) എന്നിവിടങ്ങളിലായി എയര്‍ടെല്ലിന് മൂന്ന് ലാന്‍ഡിംഗ് സ്റ്റേഷനുകളുണ്ട്. ഇന്‍റര്‍നെറ്റ് വേഗത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ വര്‍ഷം ഫെബ്രുവരിയില്‍ എയര്‍ടെല്‍ സീ-മീ-വീ 6 എന്ന കേബിള്‍ ശൃംഖലയിലും പങ്കാളികളായിരുന്നു.

Related Articles

Back to top button