IndiaInternationalLatest

വിളകളുടെ ഉത്പാദനക്ഷമത ഇരട്ടിയാകും, അ​ത്ഭു​ത​ ​ജീ​നു​മാ​യി​ ​ശാ​സ്ത്ര​ലോ​കം

“Manju”

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും ജനസംഖ്യാ വര്‍ദ്ധനവും ഉയര്‍ത്തുന്ന ഭീഷണികളെ മറികടന്ന് ഭക്ഷ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി യു.എസ് – ചൈനീസ് ഗവേഷക സംഘം. ‘ ജാക്ക് ആന്‍ഡ് ബീന്‍സ്റ്റോക്ക് ജീന്‍ ” എന്ന അപരനാമമാണ് ഒരു ജീന്‍ ഉപയോഗിച്ച്‌ സസ്യങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്ക് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. ജാക്ക് എന്ന ദരിദ്ര ബാലന് ലഭിച്ച ആകാശത്തോളം വളരുന്ന അത്ഭുത പയര്‍ചെടിയെ പറ്റിയുള്ള ഇംഗ്ലീഷ് നാടോടിക്കഥയില്‍ നിന്നാണ് കണ്ടെത്തലിന് ഇങ്ങനെയൊരു പേര് ലഭിച്ചത്. കഥയിലെ പയര്‍ ചെടിയെ പോലെ ആകാശത്തോളം വളരില്ലെങ്കിലും ഉത്പാദനവും വിളകളുടെ വലിപ്പവും പുതിയതായി വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ ഗണ്യമായി വര്‍‌ദ്ധിപ്പിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചതായാണ് റിപ്പോര്‍ട്ട്.
ഇത്തരം വിളകള്‍ വളരെ വേഗം സൂര്യപ്രകാശത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നതായി തെളിഞ്ഞതായി ഗവേഷകര്‍ പറയുന്നു. മറ്റുള്ള പരമ്ബരാഗത വിളകളെ അപേക്ഷിച്ച്‌ വരള്‍ച്ചയെ അതിജീവിക്കുന്നതിലും ഇവ മുന്നിലാണ്. നിലവില്‍ ലോകരാജ്യങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ് കാലാവസ്ഥ വ്യതിയാനം. ശക്തമായ വരള്‍ച്ചയും ശക്തമായ മഴയും അപ്രതീക്ഷിതമായി മാറിമറിഞ്ഞ് വരുന്നത് കര്‍ഷകര്‍ക്ക് വന്‍ നഷ്ടത്തിനാണ് കാരണമാകുന്നു. എന്നാല്‍, തങ്ങളുടെ പുതിയ കണ്ടെത്തല്‍ ഭാവിയില്‍ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതില്‍ ഒരു പരിധി വരെ കര്‍ഷകരെ സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ലോകത്ത് ജനസംഖ്യയും ഗണ്യമായി വര്‍ദ്ധിക്കുകയാണ്. അതിനാല്‍ ഭക്ഷ്യ ഉത്പാദനവും അതിനൊപ്പം ഉയരേണ്ടത് അനിവാര്യമാണ്. 2050 ഓടെ ഭൂമിയിലെ ആകെ ജനസംഖ്യ 10 ബില്യണായേക്കുമെന്നാണ് കരുതുന്നത്.
തങ്ങള്‍ ഇതുവരെ പരീക്ഷിച്ച ഒട്ടുമിക്ക സസ്യങ്ങളിലും പരീക്ഷണം വിജയം കണ്ടതായും വളരെ ലളിതമായ പ്രക്രിയയാണിതെന്നും പ്രോജക്‌ട് കോര്‍ഡിനേറ്ററും ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഗവേഷകനുമായ പ്രൊഫ. ചുവാന്‍ ഹീ പറയുന്നു. ആഗോളതാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് ജനിതക എന്‍ജിനിയറിംഗിന് വിധേയമായ സസ്യങ്ങളുടെ സാദ്ധ്യതകളിലേക്കും ഇത് വിരല്‍ ചൂണ്ടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എന്തിനും ഏതിനും മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സസ്യങ്ങളെയാണ്. സസ്യങ്ങളില്‍ നിന്ന് നമുക്ക് ലഭ്യമാവുന്ന വസ്തുക്കളുടെ അളവ് കൂട്ടാന്‍ ഈ മാര്‍ഗം സഹായകമാകുമെന്നും ഗവേഷകര്‍ പറയുന്നു.
ജീനുകളില്‍ നിന്ന് പ്രോട്ടീനുകളിലേക്ക് വിവരങ്ങള്‍ കൈമാറുന്ന ഒരു ആര്‍.എന്‍.എ തന്മാത്രയില്‍ വരുത്തുന്ന മാറ്റമാണ് ഈ സാങ്കേതികത. പ്രോട്ടീനുകളുടെ ഉത്പാദനം നിയന്ത്രിക്കുന്നതിന് ആ.എന്‍.എ തന്മാത്രയില്‍ കോശങ്ങള്‍ ‘ കെമിക്കല്‍ മാര്‍ക്കറു”കള്‍ സ്ഥാപിക്കുന്നതായും എന്നാല്‍ FTO എന്ന ജീന്‍ അവയെ മായ്ക്കുന്നതായും പരീക്ഷണങ്ങളില്‍ കണ്ടെത്തി. നെല്‍ച്ചെടികളിലാണ് ഈ ജീനുകള്‍ കുത്തിവച്ച്‌ ഗവേഷകര്‍ പരീക്ഷണം നടത്തിയത്.
ലബോറട്ടറി അന്തരീക്ഷത്തില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി വിളവാണ് നെല്‍ച്ചെടിയില്‍ നിന്ന് ലഭിച്ചത്. പുറത്ത് നടത്തിയ പരീക്ഷണത്തില്‍ 50 ശതമാനം കൂടുതല്‍ ഉത്പാദനക്ഷമത ഇവ കാട്ടി. വേരുകള്‍ കൂടുതല്‍ ആഴത്തില്‍ വളരുകയും ചെയ്തു. തുടര്‍ന്ന് ഉരുളക്കിഴങ്ങ് ചെടിയില്‍ ഗവേഷകര്‍ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചു. വ്യത്യസ്ഥ കുടുംബത്തില്‍പ്പെട്ടതായിരുന്നിട്ടും ഉരുളക്കിഴങ്ങ് ചെടിയിലും സമാന ഫലം വന്നതോടെ മിക്ക സസ്യങ്ങളിലും ഈ വിദ്യ വിജയകരമാകുമെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. നേച്ചര്‍ ബയോടെക്നോളജി ജേര്‍ണലിലൂടെയാണ് തങ്ങളുടെ കണ്ടെത്തല്‍ ഗവേഷകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യവിളകളുടെ ഉത്പാദനം കൂട്ടുന്നതിനുള്ള ഗവേഷണങ്ങള്‍ ദശാബ്ദങ്ങളായി നടന്നുവരികയാണ്. വളരെ സങ്കീര്‍ണമായ ഗവേഷണങ്ങളാണിവ.

Related Articles

Back to top button