International

ബംഗ്ലാദേശിൽ വീണ്ടും മതമൗലികവാദികളുടെ അക്രമം

“Manju”

ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് നേരെ തുടരുന്ന കലാപത്തിൽ 29 വീടുകൾ കത്തിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച വൈകിട്ട് പിർഗോഞ്ച് ഉപാസിലയിലെ റാങ്പൂർ ജില്ലയിലാണ് അക്രമികൾ വീടുകൾ കത്തിച്ചത്.

പ്രദേശത്തെ ഹിന്ദു യുവാവ് വീണ്ടും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. പ്രതിഷേധവുമായി അക്രമികൾ എത്തുന്ന വിവരം ലഭിച്ചതിനെ തുടർന്ന് യുവാവിന്റെ വീടിന് സുരക്ഷയുമായി പോലീസ് എത്തിയെങ്കിലും ഫലമുണ്ടായില്ല. പോലീസിന്റെ സാന്നിദ്ധ്യം കണ്ടതോടെ അക്രമികൾ സമീപ വീടുകൾ അഗ്നിക്കിരയാക്കുകയായിരുന്നു. 29 വീടുകൾക്ക് പുറമെ മറ്റ് സ്ഥാപനങ്ങളും കെട്ടിടങ്ങളും അക്രമികൾ കത്തിച്ചിട്ടുണ്ട്. രാത്രി 8.45ഓടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

നേരത്തെ ഇത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നിരവധി ക്ഷേത്രങ്ങളിൽ മതമൗലികവാദികൾ ആക്രമണം നടത്തിയിരുന്നു. എൺപതിലധികം ക്ഷേത്രങ്ങളുടെ പരിസരപ്രദേശങ്ങൾ ആക്രമിച്ചും പ്രതിഷ്ഠ തല്ലിത്തകർത്തുമായിരുന്നു പ്രതിഷേധം. ദുർഗാ പൂജയുടെ ചടങ്ങുകൾക്കായി ഒത്തുകൂടിയവർക്ക് നേരെയും ആക്രമണം ഉണ്ടായി. നാല് ഹിന്ദു യുവാക്കൾ ആക്രമണത്തിനിടെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അക്രമികളെ തടയാനെത്തിയ പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ നിരവധി പേർ അറസ്റ്റിലായിട്ടുണ്ടെന്നും വിവരമുണ്ട്.

2013 മുതലുള്ള കണക്ക് പ്രകാരം ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ 3,679 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ തുടരുന്ന കലാപത്തിൽ കുറ്റവാളികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനം.

Related Articles

Back to top button