IndiaKeralaLatest

മൂന്നാം തരംഗത്തെ നേരിടാന്‍ നടപടി ആരംഭിച്ചു: ജാഗ്രത തുടരും; ജനിതക പഠനം നടത്തും: മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാവുകയാണെങ്കില്‍ നേരിടാനുള്ള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ നിലയിലുള്ള ജാഗ്രത തുടരും. ആള്‍ക്കൂട്ടം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിഥി തൊഴിലാളികളെ മുഴുവന്‍ വാക്‌സിനേറ്റ് ചെയ്യും. അവരെ ഇടക്കിടെ പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കും. മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവന്‍ പേരേയും വാക്‌സിനേറ്റ് ചെയ്യും. രോഗ ലക്ഷണങ്ങളില്‍ വരുന്ന മാറ്റം നിരീക്ഷിക്കും.
ജനിതക പഠനവും നടത്തും. പ്രായമായ റബ്ബര്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നതിനും പുതിയ റബ്ബര്‍ തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനും അനുമതി നല്‍കും. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കും.
ഫ്‌ളാറ്റുകളില്‍ കൊവിഡ് പോസിറ്റീവ് ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്നറിയിപ്പ് നല്‍കണം. ഏത് ഫ്‌ളാറ്റിലാണ് രോഗബാധയുള്ളതെന്ന് നോട്ടീസ് ബോര്‍ഡിലൂടെ അറിയിക്കണം. ജാഗ്രത ഉറപ്പാക്കാനാണിത്. ആരോഗ്യ കേന്ദ്രങ്ങളിലും പോലീസ് സ്‌റ്റേഷനുകളിലും നഗരസഭ/പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കണം. ഈ ചുമതലകള്‍ അതത് ഫ്‌ളാറ്റുകളിലെ റസിഡന്‍സ് അസോസിയേഷനുകള്‍ നിര്‍ബന്ധമായും ഏറ്റെടുത്ത് നിറവേറ്റണം. ഫ്‌ളാറ്റുകളിലെ ലിഫ്റ്റ് ദിവേസന മൂന്ന് തവണയെങ്കിലും സാനിറ്റൈസ് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിപിആര്‍ നിരക്ക് 15 ശതമാനത്തില്‍ താഴെ എത്താത്ത സാഹചര്യത്തിലാണ് നിയന്ത്രണം കൂട്ടിയത്. അവശ്യ സര്‍വീസ് അല്ലാത്ത സ്ഥാപനങ്ങള്‍ അഞ്ച് മുതല്‍ ഒമ്ബത് വരെ തുറക്കാന്‍ അനുമതി ഉണ്ടായിരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button