IndiaLatest

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20 നാളെ

“Manju”

മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ നാളെ ആദ്യ ടി20 മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2024ല്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി മികച്ച തലമുറ മാറ്റത്തിനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ഹാര്‍ദിക് ഇന്ത്യയുടെ സ്ഥിരം ടി20 നായകനാവാനും സാധ്യതയേറെയാണ്.

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ആരൊക്കെ ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രോഹിത്തിന് പകരം ശുഭ്മാന്‍ ഗില്ലിന്റെ ടി20 അരങ്ങേറ്റമായിരിക്കും ആദ്യ മത്സരത്തിന്റെ പ്രത്യേകത. ഇഷാന്‍ കിഷന്‍ സഹ ഓപ്പണറാവും. വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാംസ്ഥാനം ദീപക് ഹൂഡയ്ക്ക് നല്‍കും. നാലാമനായി സൂര്യകുമാര്‍ യാദവ്. നായകനും ഓള്‍റൗണ്ടറുമായി ഹാര്‍ദിക് പാണ്ഡ്യ അഞ്ചാമനായി ക്രീസിലെത്തും. വിക്കറ്റ് കീപ്പര്‍ കൂടിയായ സഞ്ജു സാംസണെ ഫിനിഷര്‍ റോള്‍ നല്‍കും.

രണ്ട് സ്പിന്നര്‍മാര്‍ ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്. രവീന്ദ്ര ജേഡജയുടെ അഭാവത്തില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തും. സഞ്ജുവിന് ശേഷം ഇടങ്കയ്യന്‍ ബാറ്റര്‍കൂടിയായ സുന്ദര്‍ ബാറ്റ് ചെയ്യാനാനെത്തും. കുല്‍ദീപ് യാദവായിരിക്കും ടീമിലെ മറ്റൊരു സ്പിന്നര്‍. മൂന്ന് പേസര്‍മാര്‍ ടീമിലുണ്ടാവും. ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്കായിരിക്കും പേസ് എറിയാനുള്ള ചുമതല. ഹാര്‍ദിക്കിന്റെ രണ്ടോ മൂന്നോ ഓവറും മത്സരത്തില്‍ നിര്‍ണായകമാവും.പേസര്‍ മുകേഷ് കുമാര്‍ അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. രാഹുല്‍ ത്രിപാഠി, റിതുരാജ് ഗെയ്കവാദ്, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍ എന്നിവരും ആദ്യ മത്സരത്തില്‍ കളിക്കാന്‍ സാധ്യത കുറവാണ്.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.
ശ്രീലങ്ക: പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ഭാനുക രജപക്‌സ, ദസുന്‍ ഷനക, ചാമിക കരുണാരത്‌നെ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ലാഹിരു കുമാര, കശുന്‍ രജിത.

Related Articles

Back to top button