ഒറ്റപ്പാലം: ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തിവന്ന പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. നാദിയ ജില്ലയിലെ സഫര്പൂര് സ്വദേശി ബിശ്വനാഥ് മിസ്ത്രിയെയാണ് (36) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം കണ്ണിയംപുറം പാലത്തിന് സമീപം രാധ ക്ലിനിക് എന്ന സ്ഥാപനം തുറന്ന് മാസങ്ങളായി മൂലക്കുരു ചികിത്സ നടത്തിവരുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആയുര്‍വേദ ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ചികിത്സക്ക് വേണ്ട ഒരു യോഗ്യതയും ഇല്ലെന്ന് കണ്ടെത്തുകയും ഒറ്റപ്പാലം പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ 15 വര്‍ഷത്തോളമായി ക്ലിനിക്ക് തുറന്ന് ആയുര്‍വേദം, അലോപ്പതി ചികിത്സകള്‍ നടത്തുകയായിരുന്നെന്നും പ്ലസ് ടു തോറ്റയാളാണെന്നും പൊലീസ് വ്യക്തമാക്കി. സി.ഐ ബാബുരാജ്, എസ്.ഐ ശിവശങ്കരന്, എ.എസ്.ഐ രാജനാരായണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.