Uncategorized

പുതിയതും പഴയതുമായ ഇടങ്ങളിൽ സൗഹൃദത്തിന്റെ സന്ദേശങ്ങളാണ് ഉയരേണ്ടത് -സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”
ശാന്തിഗിരി പൂജിതപീഠം സമർപ്പണം ആഘോഷങ്ങളുടെ ഭാഗമായി വളള്യായി ഉപാശ്രമത്തിൽ ആരംഭിച്ച പ്രചാരണപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിർവഹിക്കുന്നു. സ്വാമി ജനനന്മ, സ്വാമി വന്ദനരൂപൻ, സ്വാമി അർചിത്, സ്വാമി ആത്മബോധ, ജനനി അഭേദ, മനോജ് മാത്തൻ, മുരളീധരൻ. എം, രാജീവൻ. ടി, ജിതിൻ പാലേരി എന്നിവർ സമീപം

വളള്യായി (കണ്ണൂർ) : അന്നദാനം മഹാദാനമാണ്. ജീവിതത്തിന്റെ അവസാനവും വിശപ്പും ദാഹവുമാണ്. ആ ദൈവികമായ പ്രവർത്തിയിലേക്ക് ജാതിയും മതവും തിരുകിക്കയറ്റി ഇവിടെ പഴയിടവും പുതിയിടവും തമ്മിൽ വിടവുകൾ സൃഷ്ടിക്കാൻ ചില ആളുകൾ ശ്രമിക്കുന്നുവെന്നും പുതിയതും പഴയതുമായ ഇടങ്ങളിൽ സൗഹൃദത്തിൻ്റെ സന്ദേശങ്ങളാണ് ഉയരേണ്ടതെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ശാന്തിഗിരി പൂജിതപീഠം സമർപ്പണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വള്ള്യായി ഉപാശ്രമത്തിൽ നടന്ന പ്രചാരണ സമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി. ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചോ അതിലിടുന്ന മായത്തെക്കുറിച്ചോ ഭക്ഷണം കളയുന്നതിനെക്കുറിച്ചോ അതിന്റെ വിലയെക്കുറിച്ചോ ഗുണത്തെക്കുറിച്ചോ ചർച്ചയാകാം. പക്ഷേ ഉണ്ടാക്കുന്നതിന്റെയും വിളമ്പുന്നതിന്റെയും കഴിക്കുന്നതിന്റെയും ജാതിയെക്കുറിച്ച് അനാരോഗ്യകരമായ ചർച്ചകളാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. സസ്യഭുക്കുകളെ മാംസഭുക്കുകളാക്കാനും മാംസഭുക്കുകളെ സസ്യഭുക്കുകളാക്കാനും വാശിപിടിക്കുന്നു.. പക്ഷേ വിശക്കുന്നവന് അവന്റെ ആവശ്യം നിർവഹിച്ച് കൊടുക്കാൻ മാത്രം ആരുമില്ല. കഴിക്കാനാഗ്രഹിക്കുന്നത് കിട്ടാത്ത കോടിക്കണക്കിന് ആളുകളുണ്ട്. അതു കാണാതെയും കൊടുക്കാതെയും കഴിക്കാത്തവന് സ്ഥാപിത താൽപ്പര്യങ്ങൾ കുത്തിക്കയറ്റിക്കൊടുക്കുന്നതിൽ സന്തോഷമുണ്ടാക്കുന്ന ആളുകളുടെ നാടായി നമ്മൾ മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് സ്വാമി അഭിപ്രായപ്പെട്ടു. ജീവിതം കൊണ്ട് ഇതിഹാസം രചിച്ച ഗുരുക്കന്മാരാരും അന്യമത വിരോധികളായിരുന്നില്ലെന്നും അതിനാൽ എല്ലാ വിശ്വാസികളും ഇതര മതവിശ്വാസങ്ങളെ സൗഹൃദപരമായി കണ്ട് മനസ്സുകളിൽ ആത്മസംസ്കരണമുണ്ടാക്കണമെന്നും സ്വാമി കൂട്ടിച്ചേർത്തു.

സദസ്സ്

ശാന്തിഗിരി ആർട്സ് &കൾച്ചർ വിഭാഗം ഹെഡ് സ്വാമി ജനനന്മ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനനി അഭേദ ജഞാനതപസ്വിനി, സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി, സ്വാമി അർചിത് ജ്ഞാനതപസ്വി, ജനനി രേണുരൂപ ജ്ഞാനതപസ്വിനി, സ്വാമി ആത്മബോധ ജ്ഞാനതപസ്വി, ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മനോജ് മാത്തൻ, സന്ധ്യ പ്രകാശ്, ജിതിൻ പാലേരി, മനുശ്രീ.കെ.വി എന്നിവർ സംസാരിച്ചു. രാജീവൻ.ടി സ്വാഗതവും ഡോ.മുരളീധരൻ.എം കൃതജ്ഞതയും പറഞ്ഞു. എല്ലാവർഷവും ഫെബ്രുവരി 22 നാണ് ശാന്തിഗിരിയില്‍ പൂജിതപീഠം സമർപ്പണവും അർദ്ധവാർഷിക കുംഭമേളയും നടക്കുന്നത്. ഇതോടനുബന്ധിച്ചുള്ള 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കും പ്രാർത്ഥനയ്ക്കും  വെള്ളിയാഴ്ച തുടക്കമായി. കണ്ണൂരിൽ ആരംഭിച്ച പ്രചരണപരിപാടികളെ ത്തുടർന്ന് വിവിധ ഏരിയകളിൽ സത്സംഗവും സാംസ്കാരിക കൂട്ടായ്മകളൂം സംഘടിപ്പിക്കുന്നതിനൊപ്പം രാജ്യത്തുടനീളം ജനോപകാരപ്രദമായ വിവിധ പദ്ധതികളും നടപ്പിലാക്കും.

(2023 ജനുവരി  15 ഞായര്‍) പൂജിതപീഠം പ്രചാരണ പരിപാടികളുടെസംസ്ഥാനതല ഉദ്ഘാടനം വള്ള്യായി ശാന്തിഗിരിയില്‍ നടന്നപ്പോള്‍.. ചിത്രങ്ങളിലൂടെ..

 

Related Articles

Back to top button