Uncategorized

വേദനയായി ഭൂകമ്പത്തില്‍ ആറ് മക്കളെ നഷ്ടപ്പെട്ട സിറിയക്കാരന്‍

“Manju”

ജാന്താരിസ് (സിറിയ): സിറിയയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍നിന്ന് തലനാരിഴക്കാണ് നാസര്‍ അല്‍ വഖാസ് രക്ഷപ്പെട്ടത്.
ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളെ അതിജീവിച്ച അദ്ദേഹത്തിന്റെ കുടുംബത്തിന് പക്ഷെ, ഭൂമി ആഞ്ഞുകുലുങ്ങിയപ്പോള്‍ രക്ഷയുണ്ടായിരുന്നില്ല.
തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ഭാര്യയുടെയും മക്കളുടെയും ജീവനറ്റ ശരീരങ്ങള്‍ ഓരോന്നായി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുമ്ബോള്‍ വഖാസിന്റെയും കണ്ടുനിന്നവരുടെയും ഹൃദയംനുറുങ്ങി. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ വിറക്കുന്ന കരങ്ങളോടെ സ്വീകരിക്കുമ്ബോള്‍ അദ്ദേഹം മനംനൊന്ത് പ്രാര്‍ഥിച്ചത് ഒന്ന് മാത്രമായിരുന്നു, ”ദൈവമേ, എന്റെ ഒരു കുഞ്ഞിനെയെങ്കിലും നീ ബാക്കിയാക്കണേ…!!”. ദൈവം അദ്ദേഹത്തിന്റെ രണ്ട് മക്കളെ അവശേഷിപ്പിച്ചു. എന്നാല്‍, നഷ്ടപ്പെട്ടത് ഒന്നും രണ്ടുമായിരുന്നില്ല, ആറ് മക്കളെയായിരുന്നു -മൂന്ന് ആണും മൂന്ന് പെണ്ണും, ഒപ്പം ഭാര്യയും.
തിങ്കളാഴ്ചത്തെ ഭൂകമ്ബത്തില്‍ തകര്‍ന്നടിഞ്ഞ ജന്താരിസിലെ അവരുടെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കരികെ നിന്ന് അയാള്‍ മക്കളെ ഓരോരുത്തരെയും നിസ്സഹായനായി പേരെടുത്ത് ഉറക്കെവിളിച്ചുകൊണ്ടിരുന്നു. ബിലാല്‍, ഫൈസല്‍, മെഷാല്‍, മുഹ്സിന്‍, മന്‍സൂര്‍, ഹിബ, ഇസ്റ, സമീഹ… രക്ഷപ്പെട്ട അയല്‍വാസികള്‍ ആവുംവിധം അയാളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. അവസാനം രണ്ട് മക്കളെ രക്ഷാപ്രവര്‍ത്തകര്‍ നാസര്‍ അല്‍ വഖാസിന് ജീവനോടെ തിരിച്ചു നല്‍കിയെങ്കിലും ഒപ്പമുണ്ടായിരുന്ന ഏഴുപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നിരുന്നു.
മരിച്ച കുഞ്ഞുങ്ങളിലൊരാളുടെ വസ്ത്രങ്ങളില്‍ മുഖമമര്‍ത്തി അയാള്‍ വാവിട്ടുകരഞ്ഞുകൊണ്ടിരുന്നു. ഹൃദയം തകര്‍ന്ന ആ പിതാവിന്റെ നിലവിളി നിസ്സഹായതയോടെ കണ്ടുനില്‍ക്കാനേ രക്ഷാപ്രവര്‍ത്തകര്‍ക്കായുള്ളൂ.

Related Articles

Back to top button