Uncategorized

അറബിക്കടലില്‍ ഇസ്രയേലി ടാങ്കറിന് നേരെ ഡ്രോണ്‍ ആക്രമണം

“Manju”

മനാമ: അറബിക്കടലില്‍ ഇസ്രായേലി കപ്പല്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഈ മാസം പത്തിന് കാമ്പോ സ്ക്വയര്‍ എന്ന ഇസ്രയേലി ഉടമസ്ഥതിയിലുള്ള ടാങ്കറാണ് ആക്രമണത്തിന് ഇരയായത്.

അറബിക്കടലില്‍ രണ്ട് എണ്ണ ടാങ്കറുകള്‍ക്കും ഒരു ചരക്ക് കപ്പലിനും നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി ബ്രട്ടീഷ് സമുദ്ര സുരക്ഷ കമ്ബനിയായ ആംബ്രെ ഇന്റലിജന്‍സിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ട് ടാങ്കറുകള്‍ ഇസ്രയേല്‍ ഉടമസ്ഥതിയിലുള്ളതും ഒന്ന് യുഎഇ ഉടമസ്ഥതയിലുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെയും ഒമാന്റെയും തീരങ്ങളില്‍ നിന്ന് ഏതാണ്ട് 300 നോട്ടിക്കല്‍ അകലെയാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്.

ആക്രമണത്തില്‍ നിരവധി ഇറാനിയന്‍ കപ്പലുകളും ഉക്രെയ്ന്‍ യുദ്ധത്തിന് റഷ്യ ഉപയോഗിച്ചിരുന്ന ഷഹെദ് 136 ഡ്രോണും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബിബിസി പേര്‍ഷ്യന്‍ ന്യൂസ് പറഞ്ഞു. ഇക്കാര്യത്തില്‍ ഇറാന്‍ പ്രതികരിച്ചിട്ടില്ല.ജനുവരി 29ന് ഇറാനിലെ മധ്യനഗരമായ ഇസ്ഫഹാനിലെ സൈനിക വ്യവസായ കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ആരോപിച്ച ഇറാന്‍ പ്രതികാരം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. ഇറാന്റെ യുറേനിയം സമ്ബുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രഭാഗമായ നതാന്‍സ് ഉള്‍പ്പെടെ നിരവധി ആണവ സൈറ്റുകള്‍ ഇസ്ഫഹാന്‍ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്നു. നതാന്‍സ് ആണവ കേന്ദ്രത്തിന് നേരെ 2021ല്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നും ഇറാന്‍ ആരോപിച്ചിരുന്നു.

സമീപ വര്‍ഷങ്ങളില്‍ ഇറാനിയന്‍ സൈനിക, ആണവ, വ്യാവസായിക സൈറ്റുകള്‍ക്ക് ചുറ്റും നിരവധി സ്ഫോടനങ്ങളും തീപിടുത്തങ്ങളും ഉണ്ടായിട്ടുണ്ട്. ഉക്രെയ്ന്‍ യുദ്ധത്തിനായുള്ള ദീര്‍ഘദൂര ഡ്രോണുകള്‍ ഉള്‍പ്പെടെ റഷ്യക്കു വിതരണം ചെയ്യുന്നതിനെയും ഇറാന്റെ ആണവ പ്രവര്‍ത്തനത്തെയും ചൊല്ലി ഇറാനും പടിഞ്ഞാറും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടെയാണ് പുതിയ സംഭവവികാസം.

Related Articles

Back to top button