ബ്രസീലില്‍ കനത്ത മഴയും മണ്ണിടിച്ചിലും, 36 മരണം

ബ്രസീലിന്റെ തെക്കുകിഴക്കന്‍ തീരപ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ കൊല്ലപ്പെട്ടു. നൂറു കണക്കിന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. സാവോ സെബാസ്റ്റിയാവോ പട്ടണത്തിലും സമീപപ്രദേശങ്ങളിലുമാണ് ദുരന്തം വിതച്ച മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. പട്ടണം വെള്ളത്തിനടിയിലായതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പുറത്ത് വിട്ടിട്ടുണ്ട്.
ചെളിയും അവശിഷ്ടങ്ങളും ഒലിച്ചിറങ്ങിയ കുന്നിന്‍ പ്രദേശത്തെ വീടുകളും വെള്ളം നിറഞ്ഞ ഹൈവേകളും മരങ്ങള്‍ കടപുഴകി വീണ് തകര്‍ന്ന കാറുകളുമെല്ലാം സാവോ സെബാസ്റ്റിയാവോ നഗരത്തിലെ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.
പട്ടണത്തില്‍ റെക്കോര്‍ഡ് മഴയാണ് പെയ്തത്. ഇരുപത്തിനാല് മണിക്കൂറില്‍ 600മില്ലിമീറ്റര്‍ മഴ ഇവിടെ പെയ്തതായാണ് വിവരം. സാവോ സെബാസ്റ്റിയാവോ നഗരത്തില്‍ മാത്രം 35 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. തൊട്ടടുത്ത നഗരമായ ഉബാട്ടുബയില്‍ ഏഴുവയസ്സുകാരി കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.