Uncategorized

G-20 ഉച്ചകോടിയുടെ ഉദ്യോ​ഗസ്ഥയോ​ഗം കുമരകത്ത്

“Manju”

വൈക്കം : ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായുള്ള ഉദ്യോഗസ്ഥരുടെ പ്രധാനയോഗം കുമരകത്ത് നടക്കുന്നതിനാൽ തണ്ണീർമുക്കം ബണ്ടുമുതൽ ഇല്ലിക്കൽ വരെയുള്ള റോഡ് നവീകരിക്കും. പത്തുകോടി രൂപയും അനുവദിച്ചു. ഏറെക്കാലമായി പൊളിഞ്ഞ റോഡിലൂടെ പോകുന്ന വെച്ചൂർ സ്വദേശികൾക്കാണ് നവീകരണം ഏറെ ഗുണം ചെയ്യുക.

ബി.എം.ബി.സി. നിലവാരത്തിലായിരിക്കും പണി. കൈപ്പുഴമുട്ട് മുതൽ ഇല്ലിക്കൽവരെയുള്ള ഭാഗം നേരത്തേ ബി.എം.ബി.സി. നിലവാരത്തിൽ ഉയർത്തിയതിനാൽ പുറമേയുള്ള ആദ്യ ലെയർ ടാറിങ് നടത്തും. കൈപ്പുഴമുട്ട് മുതൽ തണ്ണീർമുക്കം ബണ്ടുവരെയുള്ള റോഡിന്റെ ഏറിയ ഭാഗവും കടന്നുപോകുന്നത് വെച്ചൂർ ഭാഗങ്ങളായ അംബികാമാർക്കറ്റ്, ബണ്ട് റോഡ് ജങ്ഷൻ, കുടവെച്ചൂർ, അച്ചിനകം വഴിയാണ്. ഈ റോഡ് ആധുനിക നിലവാരത്തിലല്ല ഇപ്പോഴുള്ളത്.

വൈക്കംവെച്ചൂർ റോഡിന്റെ ഭാഗമായുള്ള അഞ്ചുമന പാലവും ഈ റോഡിലാണുള്ളത്. രാഷ്ട്രീയ പ്രതിനിധികളുടെ തർക്കം മൂലം പാലത്തിന്റെ അനുബന്ധ റോഡിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ജി-20 ഉദ്യോഗസ്ഥർ ഇതുവഴി എത്തുന്നതിനാൽ പാലത്തിന് പകരമുള്ള താത്കാലിക സമാന്തരപാതയിൽ തറയോട്‌ പാകും. ഇതോടെ വെച്ചൂരുകാരുടെ നീണ്ടനാളത്തെ ആവശ്യത്തിന് താത്കാലിക പരിഹാരമാകും. പൊടിശല്യം മൂലം സമാന്തര പാതയിലൂടെയുള്ള യാത്ര ഏറെ ദുഷ്‌കരമാണ്. കോട്ടയം, വൈക്കം പി.ഡബ്ല്യു.ഡി. റോഡ് ഡിവിഷനാണ് നിർമാണച്ചുമതല. എത്രയുംവേഗം ടെൻഡർ നടപടികൾ പൂർത്തിയാക്കി പണി പണി തുടങ്ങാനാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

ജി20രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ പ്രതിനിധികളുടെ രണ്ടാമത്തെ ‘ഷെർപ്പ’ യോഗമാണ് മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെ കുമരകം കെ.ടി.ഡി.സി.യുടെ പ്രീമിയം കായൽ റിസോർട്ടായ വാട്ടർ സ്‌കേപ്‌സിൽ നടക്കുന്നത്. ഇതോടൊപ്പം വികസന വർക്കിങ് ഗ്രൂപ്പിന്റെ മറ്റൊരുയോഗവും ഏപ്രിൽ ആറുമുതൽ ഒൻപതുവരെ ഇവിടെ നടക്കും. ഇപ്പോൾ ജി-20 അധ്യക്ഷപദവി വഹിക്കുന്നത് ഇന്ത്യയാണ്. വിവിധ അന്താരാഷ്ട്രസംഘടനകളുടെ പ്രതിനിധികളും ചില കൂടിയാലോചനകളിൽ പ്രത്യേകം ക്ഷണിക്കപ്പെട്ടവരായി പങ്കെടുക്കും.

Related Articles

Back to top button