Uncategorized

ഭീഷണിയായി പുതിയ വൈറസ്- എച്ച്‌ 3 എന്‍2

മാസ്‌കിടാന്‍ മറക്കരുത്, രോഗം മൂര്‍ച്ഛിച്ച്‌ ഐ സി യുവില്‍ വരെയെത്തും

“Manju”

ന്യൂഡല്‍ഹി: കൊവിഡ് 19ല്‍ നിന്ന് രാജ്യം മുക്തി നേടുന്നതിനിടെ ആശങ്കയായി എച്ച്‌ 3 എന്‍ 2 വൈറസ്. രാജ്യത്തുടനീളം നിന്ന് ആയിരക്കണക്കിന് എച്ച്‌ 3 എന്‍ 2 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്‍ഫ്ളുവന്‍സ എ സബ്‌ടൈപ്പ് എച്ച്‌ 3 എന്‍ 2 വൈറസ് മൂന്നാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ചുമയ്ക്ക് കാരണമാകും.

മറ്റ് ഫ്ളൂ സബ്‌ടൈപ്പുകളെക്കാളും ആശുപത്രി വാസത്തിന് ഇടയാക്കുന്നതാണ് എച്ച്‌ 3 എന്‍2 എന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്‌ മുന്നറിയിപ്പ് നല്‍കുന്നു. എച്ച്‌ 3 എന്‍ 2 ബാധിക്കുന്നവരില്‍ 92 ശതമാനം പേര്‍ക്ക് പനി ഉണ്ടാകുന്നു. 86 ശതമാനം പേര്‍ക്ക് ചുമ, 27 ശതമാനം പേര്‍ക്ക് ശ്വാസതടസം, 16 ശതമാനം പേര്‍ക്ക് തുമ്മല്‍, 16 ശതമാനം പേര്‍ക്ക് ന്യുമോണിയ, ആറ് ശതമാനം പേര്‍ക്ക് അപസ്‌മാരം എന്നിവയ്ക്ക് എച്ച്‌ 3 എന്‍ 2 കാരണമാകുന്നുവെന്നും ഐ സി എം ആര്‍ വ്യക്തമാക്കുന്നു. കൂടാതെ പത്ത് ശതമാനം പേരില്‍ കടുത്ത ശ്വാസകോശ അണുബാധ ഉണ്ടാക്കുകയും ഏഴ് ശതമാനം പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടാനും ഇടയാക്കുന്നു.

അതേസമയം, പനി പകര്‍ച്ചയുമായി ബന്ധപ്പെട്ട് ആളുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ധാരാളമായി ആന്റിബയോടിക് മരുന്ന് കഴിക്കുന്നുണ്ടെന്നും ഇത് ആന്റിബയോടിക് പ്രതിരോധത്തിന് കാരണമാകുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. ഇത്തരം പ്രവണതകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ യഥാര്‍ത്ഥ രോഗത്തിന് ആന്റിബയോടിക് മരുന്ന് കഴിക്കുമ്ബോള്‍ ഫലം ലഭിക്കില്ലെന്നും ഐ എം എ മുന്നറിയിപ്പ് നല്‍കുന്നു. 15 വയസിന് താഴെയുള്ളവരെയും 50 വയസിന് മുകളിലുള്ളവരെയുമാണ് എച്ച്‌3 എന്‍ 2 കൂടുതലായും ബാധിക്കുന്നത്.

ലക്ഷണങ്ങള്‍

  • പനി, വിറയല്‍, ചുമ, തലകറക്കം, ഛര്‍ദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, മൂക്കൊലിപ്പ്, തുമ്മല്‍

ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

  • ഷേക്ക് ഹാന്‍ഡ്, ആലിംഗനം എന്നിവ ഒഴിവാക്കുക
  • പൊതുയിടങ്ങളില്‍ തുപ്പരുത്
  • സ്വയംചികിത്സ പാടില്ല
  • ആള്‍ക്കൂട്ടത്തിനിടയിലിരുന്ന് ഭക്ഷണം കഴിക്കരുത്

ഇക്കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം

  • സോപ്പും വെള്ളവും ഉപയോഗിച്ച്‌ ഇടയ്‌ക്കിടെ കൈകള്‍ കഴുകണം
  • മാസ്‌ക് ധരിക്കണം
  • ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും പരമാവധി ഒഴിയുക
  • മൂക്കും വായും ഇടയ്ക്കിടെ സ്പര്‍ശിക്കാതിരിക്കുക
  • ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും വായ പൊത്തിപ്പിടിക്കുക
  • എപ്പോഴും വെള്ളം കുടിക്കുക.
  • ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മരുന്ന് കഴിക്കുക

 

Related Articles

Back to top button