Uncategorized

ചാണകം, ഗോമൂത്രം വാണിജ്യവല്‍ക്കരണത്തിന് പ്രോത്സാഹനം

“Manju”

ന്യൂഡല്‍ഹി: ഗോശാലകള്‍ക്ക് മൂലധനസഹായം നല്‍കണമെന്നും ചാണകത്തിന്റെ ഗോമൂത്രത്തിന്റെയും വാണിജ്യവല്‍ക്കരണത്തിന് പ്രോത്സാഹനം നല്‍കണമെന്നും നിതി ആയോഗ് സമിതിയുടെ ശുപാര്‍ശ.
ചാണകവും ഗോമൂത്രവും അടങ്ങിയ ജൈവവളങ്ങള്‍ കൃഷിക്കായി ഉപയോഗിച്ച്‌ കൂടുതല്‍ വിപണി സാധ്യതകള്‍ കണ്ടെത്തണമെന്നാണ് നിര്‍ദേശം. കൂടാതെ, നിതി ആയോഗ് അംഗം രമേഷ് ചന്ദിന്റെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് എല്ലാ ഗോശാലകളുടെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി ഒരു പോര്‍ട്ടല്‍ സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
‘ജൈവവളങ്ങളുടെ ഉത്പാദനവും പ്രചാരണവും വഴി ഗോശാലകളുടെ സാമ്ബത്തിക ശേഷി മെച്ചപ്പെടുത്തല്‍’
എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍, ഗോശാലകളുടെ മൂലധന നിക്ഷേപത്തിനും പ്രവര്‍ത്തന ചെലവുകള്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ ധനസഹായം നല്‍കണമെന്ന് നിര്‍ദേശിക്കുന്നു. എല്ലാ ഗ്രാന്റുകളും പശുക്കളുടെ എണ്ണവുമായി ബന്ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്.
റിപ്പോര്‍ട്ട് അനുസരിച്ച്‌, എല്ലാ ഗോശാലകളുടെയും ഓണ്‍ലൈന്‍ രജിസ്ട്രേഷനായി നിതി ആയോഗിന്റെ ദര്‍പണ്‍ പോര്‍ട്ടല്‍ പോലുള്ള ഒരു പോര്‍ട്ടല്‍ സൃഷ്ടിക്കണം, ഇതു മൃഗക്ഷേമ ബോര്‍ഡില്‍ നിന്നുള്ള സഹായം ലഭിക്കുന്നതിനും വഴിയൊരുക്കും.
ബ്രാന്‍ഡ് വികസനം ഉള്‍പ്പെടെയുള്ള ചാണകത്തെ അടിസ്ഥാനമാക്കിയുള്ള ജൈവവളങ്ങളുടെ വാണിജ്യ ഉല്‍പ്പാദനം, പാക്കേജിംഗ്, വിപണനം, വിതരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക നയപരിപാടികളും പിന്തുണയും ആവശ്യമാണ്.
കൂടാതെ, ജൈവവളം, ജൈവകീടനാശിനികള്‍, മണ്ണിനെ സമ്ബുഷ്ടമാക്കുന്ന ഉല്‍പന്നങ്ങള്‍, കൃഷിക്ക് ഉപയോഗിക്കുന്നതിനുള്ള ഉത്തേജകങ്ങള്‍, വീടുകളില്‍ ഉപയോഗിക്കുന്നതിനുള്ള വിവിധ തരം ഫോര്‍മുലേഷനുകള്‍ എന്നിവയുടെ വന്‍തോതിലുള്ള ഉല്‍പ്പാദനത്തില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നീതി ആയോഗിലെ മുതിര്‍ന്ന ഉപദേഷ്ടാവ് യോഗേഷ് സൂരി,ഐഐടി ഡല്‍ഹിയിലെ പ്രൊഫ. വീരേന്ദ്രകുമാര്‍ വിജയ്, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിലെ ജോയിന്റ് കമ്മീഷണര്‍ എസ് കെ ദത്ത, നാഷണല്‍ സെന്റര്‍ ഓഫ് ഓര്‍ഗാനിക് ഫാമിംഗ് ഡയറക്ടര്‍ ഡോ. ഗണേഷ് ശര്‍മ്മ, രാസവള വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. ഉജ്ജ്വല്‍ കുമാര്‍ എന്നിവരും സമിതിയിലെ അംഗങ്ങളാണ്.

Related Articles

Check Also
Close
Back to top button