Uncategorized

11.30 മുതല്‍ മൂന്നുവരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണം

“Manju”

തിരുവനന്തപുരം: ചൂട് കനത്തതോടെ സൂര്യരശ്മികളില്‍നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോതും സംസ്ഥാനത്ത് അപകടകരമായ നിലയിലേക്ക് ഉയരുന്നു. കേന്ദ്ര കാലാവസ്ഥനിരീക്ഷണ കേന്ദ്രം ശേഖരിച്ച കണക്കുകളിലാണ് അള്‍ട്രാ വയലറ്റ് സൂചിക (യു.വി ഇന്‍ഡക്സ്) കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉയരുന്നതായി വ്യക്തമായത്.

അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയുടെ കനം കുറഞ്ഞതും വിള്ളലും തെളിഞ്ഞ അന്തരീക്ഷവും അള്‍ട്രാവയലറ്റ് സൂചിക ഉയരാന്‍ കാരണമാണ്. കേരളത്തില്‍ 12-13 ആണ് അള്‍ട്രാവയലറ്റ് സൂചിക. ഏറ്റവും മാരകമായ തോതാണിത്. അതിനാല്‍ മാര്‍ച്ച്‌ 14 വരെ രാവിലെ 11.30 മുതല്‍ ഉച്ചക്ക് മൂന്നുവരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് പൊതുജനങ്ങള്‍ ഒഴിവാക്കണമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. അള്‍ട്രാവയലറ്റ് വികിരണത്തിന്‍റെ അളവ് ഏറ്റവും കൂടുതലുള്ള മണിക്കൂറുകളാണിത്.
കത്തുന്ന വെയില്‍ തുടര്‍ച്ചയായി ഏല്‍ക്കുന്നത് ശരീരത്തില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിക്കാന്‍ ഇടയാക്കും. ഇത് പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. ചര്‍മത്തില്‍ അര്‍ബുദം, അന്ധത, പ്രതിരോധശേഷിക്ക് കോട്ടം എന്നിവയെല്ലാം ഇതിന്‍റെ ഭാഗമായി ഉണ്ടാകാം. അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ വാട്ടര്‍ റെസിസ്റ്റന്‍റ് ആയതും എസ്.പി.എഫ് 30 ഉള്ളതുമായ സണ്‍സ്ക്രീന്‍ ഉപയോഗിക്കണം. കുട്ടികളെ പുറത്തിറക്കുമ്ബോഴും സണ്‍സ്ക്രീന്‍ പുരട്ടണം. നീളമുള്ള കൈകളുള്ള വസ്ത്രങ്ങളും കുടയും തൊപ്പികളും സണ്‍ഗ്ലാസുകളും ഉപയോഗിക്കണം. ഇവ സൂര്യപ്രകാശം നേരിട്ട് അടിക്കുന്നതിന്‍റെ അളവ് കുറക്കും.
അതേസമയം, ചൂടില്‍നിന്ന് താല്‍ക്കാലികാശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍ മഴ ലഭിച്ചു. ഞായറാഴ്ച പത്തനംതിട്ട വെണ്‍കുറിഞ്ഞിയില്‍ ഒരു സെ.മീറ്റര്‍ മഴ രേഖപ്പെടുത്തി. റാന്നിയില്‍ നാല് മി.മീറ്ററും കുരുടമണ്ണില്‍ 0.4 മി.മീറ്ററും വാഴക്കുന്നത്ത് 0.5 മി.മീറ്ററും മഴ പെയ്തു. മഴ എത്തിയതോടെ സംസ്ഥാനത്തെ താപസൂചികയിലും (ഹീറ്റ് ഇന്‍ഡക്സ്) കുറവുണ്ടായിട്ടുണ്ട്. ഞായറാഴ്ച കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് കണ്ണൂര്‍ വിമാനത്താവള ഭാഗങ്ങളിലാണ്-39.4 ഡിഗ്രി സെല്‍ഷ്യസ്. കുറവ് കൊല്ലം ജില്ലയിലെ പുനലൂരും 21.5. പാലക്കാട്, എറണാകുളം ജില്ലകളില്‍ രാത്രികാല ചൂട് 26 ഡിഗ്രിക്ക് മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button