Uncategorized

മാതൃകാജീവിതം നയിക്കാൻ പ്രീമാരിറ്റൽ കൗൺസിലിംഗ്

“Manju”
ഞായറാഴ്ച നടന്ന ഓൺലൈൻ പ്രീ മാരിറ്റൽ കൗൺസിലിംഗിൽ നിന്ന്

പോത്തൻകോട്: ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘത്തിൻെറ ‘മംഗല്യശ്രീ’ പദ്ധതിയുടെ ഭാഗമായി മാർച്ച് 12 വൈകുന്നേരം 7 മുതൽ രാത്രി 9.15 വരെ ഓൺലൈനായി പ്രീമാരിറ്റൽ കൗൺസിലിംഗ് (വിവാഹപൂർവ്വ കൗൺസിലിംഗ് ) സംഘടിപ്പിച്ചു.

ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷൻ ഹെഡ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി കൗൺസിലിംഗിൽ പങ്കെടുത്ത് ഗുരുവാണികളുടെയും ജീവിതത്തിൽ അടിസ്ഥാനമായുള്ള പൊതുവിവരങ്ങളേയും അവയുടെ ശാസ്ത്രീയമായ വശങ്ങളേയും കുറിച്ച് ദൃശ്യവത്കരണം നടത്തി സംസാരിച്ചു. ഗൃഹധർമ്മം, ഗൃഹാസ്ഥശ്രമികൾ സൂക്ഷിക്കേണ്ട പഞ്ചധർമ്മങ്ങൾ എന്നിവയെക്കുറിച്ച് സ്വാമി പരാമർശിച്ചു. നാളത്തെ തലമുറയെ സംഭാവന ചെയ്യുന്ന വിവാഹിതർ അവരുടെ ജീവിതം മാതൃകാപരമായി നയിക്കുമ്പോഴാണ് വിവാഹജീവിതം സ്വാർത്ഥകമാകുന്നതെന്നും സ്വാമി പറഞ്ഞു.

ഗുരു കല്പിച്ചു തന്ന ചിട്ട, കർമ്മം, സങ്കല്പം, പ്രാർത്ഥന എന്നിവ സൂക്ഷിക്കുമ്പോൾ ജീവിതം നന്മയുള്ളതാകുന്നുവെന്നും പഞ്ചധർമ്മം പാലിക്കുക, പഞ്ചശുദ്ധി സൂക്ഷിക്കുക, ഗുരുവാക്ക് അനുസരിക്കുക എന്നീ മൂന്ന് കാര്യങ്ങളിൽ ഊന്നി ജീവിച്ചാലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും ശാന്തിഗിരി മാതൃമണ്ഡലം ഹെഡ് ജനനി പ്രമീള ജ്ഞാനതപസ്വിനി സംസാരിച്ചു.

ഗുരുവിലുള്ള വിധേയത്വത്തോടെ ഗുരുകല്പനയനുസരിച്ചുള്ള ജീവിതം വിവാഹശേഷം യുവതി യുവാക്കൾ നയിക്കണമെന്ന് ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് സീനിയർ അഡ്വൈസർ ഡോ.റ്റി.എസ്സ്.സോമനാഥൻ അഭിപ്രായപ്പെട്ടു. ധർമ്മം വിടാതെയുള്ള ജീവിതം നയിച്ച് മറ്റുള്ളവരുടെ ജീവിതാനുഭവത്തെ കണ്ടുപഠിക്കുന്നത് നല്ല ലക്ഷണമാണെന്ന് അദ്ദേഹം പറഞ്ഞു. ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഗവേണിംഗ് കമ്മിറ്റി സീനിയർ കൺവീനർ എസ്.രാജീവ് സ്വാഗതവും അസിസ്റ്റന്റ് കൺവീനർ സി.ദീപ്തി കൃതജ്ഞതയും പറഞ്ഞു. കൗൺസിലിംഗിൽ 21 പേർ പങ്കെടുത്തു.

Related Articles

Back to top button