Uncategorized

ബൊമ്മനേയും ബെല്ലിയേയും ആദരിച്ച്‌ മുഖ്യമന്ത്രി സ്‌റ്റാലിന്‍

“Manju”

ചെന്നൈ: ഓസ്‌കാര്‍ പുരസ്‌കാരത്തിലൂടെ രാജ്യത്തിന്റെ അഭിമാനമുയരുന്നതിന് കാരണമായ ബൊമ്മനേയും ബെല്ലിയേയും ആദരിച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍. ഓഫീസിലേക്ക് ഇരുവരെയും ക്ഷണിച്ചുവരുത്തി പുരസ്‌കാരം നല്‍കിയ സ്‌റ്റാലിന്‍ ഓരോ ലക്ഷം വീതം പാരിതോഷികവും ബൊമ്മനും ബെല്ലിക്കും പ്രഖ്യാപിച്ചു.

കൂടാതെ സംസ്ഥാനത്തെ രണ്ട് ആനസങ്കേതത്തിലെ 91 ജീവനക്കാര്‍ക്കും ഒരു ലക്ഷം രൂപയും വീടും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കോ ഫ്രണ്ട്‌ലി മാതൃകയിലാണ് ജീവനക്കാര്‍ക്ക് വീട് പണിയുക. എലിഫ്ന്റ് വിസ്‌പറേഴ്‌സ് ഓസ്‌കാര്‍ നേടിയതിലൂടെ ആനകളോടുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പരിപാലനം ലോകശ്രദ്ധ നേടിയതായി സ്‌റ്റാലിന്‍ പ്രതികരിച്ചു.

കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ‌്ത് ഗുണീത് മോംഗ നിര്‍മ്മിച്ച എലിഫന്റ് വിസ്‌പറേഴ്‌സ് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മണമുള്ള ജീവിതാനുഭവത്തിന്റെ നേര്‍ക്കാഴ്‌ചയാണ്. തമിഴ്‌നാട്ടിലെ മുദുമലൈ വന്യജീവി സങ്കേതത്തിലെ ഗോത്രവര്‍ഗമായ കാട്ടുനായ‌്ക്കര്‍ വിഭാഗത്തിലെ അംഗങ്ങളാണ് ബൊമ്മനും ബെല്ലിയും. പരമ്പരാഗതമായി പാപ്പാന്‍ ജോലി ചെയ്യുന്നവരാണ് ബൊമ്മന്റെ കുടുംബം. പണ്ട് കാലങ്ങളില്‍ വേട്ടയാടലും മറ്റുമായിരുന്നു കാട്ടുനായ‌്ക്കര്‍ വിഭാഗത്തിന്റെ പ്രധാന തൊഴില്‍. എന്നാല്‍ പിന്നീടവര്‍ ആനപാപ്പാന്മാരായി മാറുകയായിരുന്നു. കാട്ടില്‍ നിന്ന് തേന്‍ ശേഖരിക്കുന്നതിനും അതീവ നിപുണരാണ് കാട്ടുനായ‌്ക്കര്‍ വിഭാഗം. ബൊമ്മനും ഇക്കാര്യത്തില്‍ വളരെ സമര്‍ത്ഥനാണ്. അതിനെല്ലാം ഉപരിയായി ഗ്രാമത്തിന്റെ മുഖ്യ പൂജാരി കൂടിയാണ് ബൊമ്മന്‍. ഊരിലെ പൂജാധികാര്യങ്ങളെല്ലാം നിര്‍വഹിക്കുന്നതും ബൊമ്മന്റെ കര്‍ത്തവ്യമാണ്.

ഏഷ്യയിലെ തന്നെ ആദ്യത്തെ ആനവളര്‍ത്തല്‍ കേന്ദ്രമായ തേപ്പക്കാടാണ് ബൊമ്മന്‍ ജോലി ചെയ‌്തിരുന്നത്. ഉപേക്ഷിക്കപ്പെടുന്നതും, മുറിവേറ്റ് അവശനിലയില്‍ പെടുന്നതുമായ ആനകളുടെ പുനരധിവാസത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നയിടമാണ് തേപ്പക്കാട്. ബൊമ്മന്റെ സഹായിയായി തേപ്പക്കാട് എത്തിയ ബെല്ലി വൈകാതെ അദ്ദേഹത്തെ വിവാഹം കഴിക്കുകയായിരുന്നു. ബെല്ലിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു അത്. അവരുടെ ആദ്യ ഭര്‍ത്താവ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തിലേക്ക് രഘു വരികയായിരുന്നു.

2017ല്‍ ആണ് ഒന്നരവയസുള്ള രഘുവിനെ ഫോറസ്‌റ്റ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. കാട്ടുനായ‌്ക്കളുടെ ആക്രണത്തില്‍ ദേഹമാസകലം മുറിവേറ്റ നിലയിലാണ് രഘുവിനെ ഫോറസ്‌റ്റുകാര്‍ കാണുന്നത്. പോഷകാഹാരത്തിന്റെ അഭാവത്താല്‍ മരണത്തോട് മല്ലടിക്കുന്ന നിലയിലായിരുന്നു അവന്‍. തുടര്‍ന്ന് ആനസങ്കേതത്തിലെത്തിച്ച രഘുവിന്റെ സംരക്ഷണ ചുമതല ബൊമ്മനും ബെല്ലിയും ഏറ്റെടുത്തു. രഘുവിന് ആ പേരിട്ടതും അവര്‍ തന്നെ. സ്വന്തം മകനെ പോലെ അവനെ അവര്‍ പരിപാലിച്ചു. മുറിവുകളില്‍ മരുന്ന് പുരട്ടി സുഖപ്പെടുത്തി, അവനോടൊപ്പം കളിച്ചു. അങ്ങനെ ബൊമ്മനും ബെല്ലിയും രഘുവിന്റെ അച്ഛനും അമ്മയുമായി. ആദ്യവിവാഹത്തിലുണ്ടായ മകളുടെ മരണം അവശേഷിപ്പിച്ച ആഘാതം അതിജീവിക്കാന്‍ രഘുവിലൂടെ ബൊമ്മിക്ക് കഴിഞ്ഞു. അധികം വൈകാതെ തന്നെ ആ കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തി. അമ്മു എന്ന് പേരുള്ള കുട്ടിയാന. രഘുവുമായി അവള്‍ വേഗം ചങ്ങാത്തത്തിലായി.

അഞ്ച് വര്‍ഷത്തോളം ബൊമ്മനും ബെല്ലിക്കുമൊപ്പം രഘു കഴിഞ്ഞു. വളര്‍ന്നതോടെ അവനെ മറ്റൊരു സങ്കേതത്തിലേക്ക് മാറ്റാന്‍ വനംവകുപ്പ് നിര്‍ബന്ധിതരായി. ബൊമ്മനേയും ബെല്ലിയേയും സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു ആ തീരുമാനം. ഇന്ന് തേപ്പാക്കാട് ആനസങ്കേത്തിനോട് ചേര്‍ന്നുള്ള ഒരു മുറി ഷെല്‍ട്ടറിലാണ് ബൊമ്മനും ബെല്ലിയും കഴിയുന്നത്. കൂട്ടിന് അമ്മുവും ബെല്ലിയുടെ പേരമകളായ സഞ്ജനയുമുണ്ട്.

ചിത്രം ഓസ്‌കാര്‍ നേടിയതോടെ മുതുമലയിലെ തേപ്പാക്കാട് ആനസങ്കേതം കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വളരെയധികം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

Related Articles

Back to top button