IndiaLatest

പ്രധാനമന്ത്രിയുടെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന് ഇന്ന് തുടക്കം

“Manju”

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന് ഇന്ന് തുടക്കമാകും. തെലങ്കാന, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് പര്യടനം. രാവിലെ 11.45ന് തെലങ്കാനയിലെ സെക്കന്തരാബാദിലെത്തുന്ന പ്രധാനമന്ത്രി, സെക്കന്തരാബാദ് തിരുപ്പതി വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യും. 12.15ന് ഹൈദരാബാദ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍11360 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നാടിനു സമര്‍പ്പിയ്ക്കും. ബിബിനഗറിലെ എയിംസിനും പ്രധാനമന്ത്രി തറക്കല്ലിടും. വൈകിട്ട് മൂന്നു മണിക്ക് തമിഴ്നാട്ടിലെത്തുന്ന നരേന്ദ്രമോദി, ചെന്നൈ വിമാനത്താവളത്തിലെ നവീകരിച്ച ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും.

1260 കോടി രൂപ ചിലവിലാണ് ടെര്‍മിനലിന്റെ ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. നാല് മണിക്ക് സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച്‌ ചെന്നൈ കോയമ്പത്തൂര്‍ വന്ദേഭാരത് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യും.

4.45ന് ശ്രീരാമകൃഷ്ണ മഠത്തിന്റെ 125-ാം വാര്‍ഷിക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ആറരയ്ക്ക് ആല്‍സ്ട്രോം ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു പരിപാടിയില്‍ തമിഴ്നാട്ടിലെ 3600 കോടി രൂപയുടെ റോഡ് വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും.

ഒന്‍പതാം തിയ്യതി രാവിലെ ഏഴേ കാലിന് ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വും തുടര്‍ന്ന് മുതുമല ടൈഗര്‍ റിസര്‍വിലെ തെപ്പക്കാട് ആനക്യാംപും സന്ദര്‍ശിക്കും. വനപാലകരോടൊപ്പം അല്‍പസമയം സംവദിക്കും. ഓസ്കര്‍ അവാര്‍ഡ് നേടിയ ദി എലഫന്റ് വിസ്പറേഴ്സിലെ ബൊമ്മിയെയും ബെല്ലിയെയും പ്രധാനമന്ത്രി നേരിട്ട് സന്ദര്‍ശിക്കും.

പതിനൊന്ന് മണിയ്ക്ക് മൈസൂരുവിലെ കര്‍ണാടക ഓപ്പണ്‍ സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ ടൈഗര്‍ പ്രൊജക്ടിന്റെ അന്‍പത് വര്‍ഷങ്ങള്‍ എന്ന പരിപാടിയും ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button