ശ്രീജ.എസ്
ന്യൂഡല്‍ഹി: ബാങ്ക് വായ്പകള്‍ക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തിയ കാലയളവിലെ പലിശ ഒഴിവാക്കുന്നതില്‍ തീരുമാനമെടുക്കാത്തതിനു കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്പര്യം മാത്രം കാണുന്നതാകരുത് സര്‍ക്കാരിന്റെ നയമെന്നു ഓര്‍മപ്പെടുത്തിയ ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച്, ലോക്ക്ഡൗണാണ് ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കിയതെന്നും അതിനു പരിഹാരം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും നിര്‍ദേശിച്ചു.
മൊറൊട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ദുരന്ത നിവാരണ നിയമ പ്രകാരം തീരുമാനം എടുക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ദുരിതം ഉണ്ടാവാന്‍ കാരണം സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ ആണ്. അതിനാല്‍ തീരുമാനം എടുക്കാതെ റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിഞ്ഞു നില്ക്കാന് കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഹര്‍ജി സെപ്റ്റംബര്‍ 1ന് വീണ്ടും പരിഗണിക്കും.
മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും പലിശയും പിഴപ്പലിശയും ഈടാക്കി ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനമൊന്നും ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഹര്‍ജിയില്‍ സത്യവാങ്മൂലം പോലും നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ അവധി ചോദിക്കുകയാണെന്നു ഹര്‍ജിക്കാരുടെ അഭിഭാഷകനായ രാജീവ് ദത്ത വാദിച്ചു.