KeralaLatest

പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍

“Manju”

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍. കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തിലെങ്ങും ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുവമോര്‍ച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കും. ക്രൈസ്തവ സഭാധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ചയുമുണ്ടാകും. തേവര ജം‌ക്‌ഷനില്‍ നിന്നു മെഗാ റോഡ് ഷോ ആയാകും പ്രധാനമന്ത്രി യുവംവേദിയിലേക്കെത്തുക. പരിപാടിയില്‍ കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. സമീപകാലത്തു ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി പ്രസംഗിക്കും. കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനാണ് അനില്‍.

വൈകിട്ട് അഞ്ചിനാണ് പ്രധാനമന്ത്രി കൊച്ചി നാവികവിമാനത്താവളത്തില്‍ ഇറങ്ങുക. തുടര്‍ന്ന് സുരക്ഷ അകമ്പടിയോടെ വെണ്ടുരുത്തി പാലത്തിലെത്തും. അവിടെ നിന്നാണ് 1.8 കിലോ മീറ്റര്‍ ദൂരത്തില്‍ റോഡ് ഷോ തുടങ്ങുയത്. റോഡിനിരുവശവും ബാരിക്കേഡ് കെട്ടി ആളുകളും നിയന്ത്രിക്കും. അന്‍പതിനായിരം പേരെങ്കിലും റോഡ് ഷോ കാണാന്‍ എത്തുമെന്നാണ് കരുതുന്നത്.

കൊച്ചി വെണ്ടുരുത്തി പാലം മുതല്‍ യുവം കോണ്‍ക്ലേവ് നടക്കുന്ന തേവര കോളജ് വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്. ആദ്യം തേവര ജംഗ്ഷന്‍ മുതല്‍ കോളജ് വരെ 1.2 കി.മിയാണ് റോഡ് ഷോ നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ റോഡ് ഷോയില്‍ ജനപങ്കാളിത്തം വിചാരിക്കുന്നതിലും അധികം എത്തുമെന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് വെണ്ടുരുത്തി പാലം മുതല്‍ തേവര കോളജ് വരെ റോഡ് ഷോ നീട്ടിയത്.

തേവര എസ് എച്ച്‌ കോളജില്‍ എത്തുന്ന പ്രധാനമന്ത്രി യുവം പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ തൊഴില്‍ മേഖലകളിലെ യുവാക്കളുമായി മുഖാമുഖം. കേരളത്തിന്റെ വികസനത്തിന് യുവസമൂഹം എന്താഗ്രഹിക്കുന്നു എന്നതാണ് വിഷയം. ഇതിന് ശേഷം വൈകിട്ട് 7 മണിക്കാണ് കര്‍ദിനാള്‍മാരടക്കം ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായുളള കൂടിക്കാഴ്ച.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണത്തിലെടുത്ത് 2600 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി നഗരത്തിലെങ്ങും വിന്യസിച്ചിരിക്കുന്നത്. രാവിലെ മുതല്‍ നഗരത്തില്‍, പ്രത്യേകിച്ച്‌ തേവര ഭാഗത്ത് ഗതാഗത ക്രമീകരണവുമുണ്ട്. നാളെ രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെയെത്തി വന്ദേഭാരത് ട്രെയിനും കൊച്ചി വാട്ടര്‍ മെട്രോയും അടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

ഗായകന്‍ വിജയ് യേശുദാസ്, യുവമോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് തേജസ്വി സൂര്യ എംപി, ‘യുവംജനറല്‍ കണ്‍വീനര്‍ സി.കൃഷ്ണകുമാര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍, കണ്‍വീനര്‍മാരായ കെ.ഗണേഷ്, എസ്.ജയശങ്കര്‍ എന്നിവരും വേദിയിലുണ്ടാകും. നടി നവ്യ നായരുടെ വന്ദേമാതരംനൃത്തം, സ്റ്റീഫന്‍ ദേവസിയുടെ സംഗീതപരിപാടി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

വിവിധ രംഗങ്ങളില്‍ പ്രശസ്തരായ ഏതാനും യുവപ്രതിഭകള്‍കൂടി പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുമെന്നു സംഘാടകര്‍ അറിയിച്ചു. രാജ്യത്തു വിവിധ മേഖലകളിലായി യുവംകോണ്‍ക്ലേവുകള്‍ നടത്താനാണു ബിജെപിയുടെ പരിപാടി. ഇതില്‍ ആദ്യത്തേതാണു കൊച്ചിയില്‍ ഇന്നു നടക്കുന്നത്.

Related Articles

Back to top button