KeralaLatest

ബിജുവിന്റെ മധുരമൂറും ആപ്പിള്‍ തോട്ടം

“Manju”

കട്ടപ്പന: ‘ആപ്പിള്‍ ഉണ്ടാകുന്നത് ശൈത്യ മേഖലയിലല്ലേ, ഈ ചൂടില്‍ ആപ്പിളൊന്നുമുണ്ടാകില്ല. ഇവിടെ ഏലമോ കുരുമുളകോ കൃഷി ചെയ്താല്‍ പോരെ‘ 20 മാസങ്ങള്‍ക്കു മുമ്പ് വലിയതോവാള സ്വദേശി കളപ്പുരയ്ക്കല്‍ ബിജുമോന്‍ ആന്റണി തന്റെ തോട്ടത്തില്‍ ആപ്പിള്‍ കൃഷി ആരംഭിച്ചപ്പോള്‍ നേരിട്ട ചോദ്യങ്ങളായിരുന്നു ഇവ.

ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയത്  ബിജുമോന്റെ തോട്ടത്തിലെ വിളവെടുക്കാറായ പഴുത്ത മധുരമൂറും ആപ്പിളുകളാണ്. ആപ്പിളുകളെല്ലാം സന്ദര്‍ശകര്‍ക്ക് കഴിക്കാന്‍ മുറിച്ച്‌ നല്‍കി ബിജു തന്റെ സന്തോഷം പങ്കിടുന്നു. ഇതിനോടകം 50 കിലോയോളം ആപ്പിള്‍ പറിച്ചു കഴിഞ്ഞു. സാധാരണ മേയ് മുതല്‍ ആഗസ്റ്റ് വരെയാണ് ആപ്പിള്‍ സീസണ്‍.

എന്നാല്‍ 45 ഡിഗ്രി ചൂടിലും 365 ദിവസവും കായ്ഫലമുള്ള ആപ്പിള്‍ കൃഷിയാണ് മിറാക്കിള്‍ ഫാമിലേത്. ഒരേ ചെടിയില്‍ തന്നെ പൂവും ചെറുകായ്കളും മുതല്‍ പഴുത്ത ആപ്പിള്‍ വരെയും ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഇസ്രയേലിന്റെ അന്ന, ഡോര്‍സെറ്റ്, ഇന്ത്യയുടെ ട്രോപ്പിക്കല്‍ സ്വീറ്റ്, സമ്മര്‍ സോണ്‍ ഇനങ്ങളാണ് ഇവിടെ കൂടുതലായുള്ളത്. ഏതു കാലാവസ്ഥയിലും കായ്ഫലം ഉറപ്പു വരുത്തിയതോടെ ആപ്പിള്‍ ഗ്രാഫ്‌റ്റ് തൈകളുടെ വിപണനത്തിലാണ് ബിജുമോന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.

പുറത്തു നിന്ന് ഗുണമേന്മയേറിയ ഗ്രാഫ്‌റ്റ് തൈകള്‍ ഫാമിലെത്തിച്ച്‌ ആവശ്യമായ പരിചരണവും വളപ്രയോഗവും നടത്തിയാണ് കൃഷി. രണ്ട് വര്‍ഷം പ്രായമായ ഗ്രാഫ്‌റ്റ് തൈകള്‍ മുതല്‍, കായ് പിടിച്ച വലിയ ചെടികള്‍ക്ക് വരെ ആവശ്യക്കാരേറെയാണ്. ആപ്പിള്‍ ചെടി നടുന്നതിന് വിദേശ രാജ്യങ്ങളില്‍ കൃഷിയ്ക്കുപയോഗിക്കുന്ന എയര്‍പോട്ട് സംവിധാനവും ഇവിടെയുണ്ട്. ഇതില്‍ നട്ടിരിക്കുന്ന 15 മാസം പ്രായമായ ചെടിയില്‍ 25 ലധികം കായ്‌കളാണുള്ളത്.

കേരളത്തിനകത്തും പുറത്തുമായി ഓണ്‍ലൈനായാണ് ആപ്പിള്‍ തൈകളുടെ വിപണനം കൂടുതലും. ഹൈറേഞ്ചിലെ ആപ്പിള്‍തോട്ടം നേരിട്ട് കണ്ട് കൃഷി രീതി മനസിലാക്കാനെത്തുന്നവരും ധാരാളമാണ്. വ്യാവസായികാടിസ്ഥാനത്തിലും കേരളത്തിലെല്ലായിടത്തും ആപ്പിള്‍ കൃഷി ലാഭകരമായി ചെയ്യാമെന്നാണ് ബിജു പറയുന്നത്. മുമ്പ് ഫോട്ടോഗ്രാഫറായിരുന്ന ബിജുവിന് കൃഷിയോടുള്ള താത്പര്യമാണ് മിറാക്കിള്‍ ഫാം ഉണ്ടാകാന്‍ കാരണമായത്. ആപ്പിളിന് പുറമെ പഴവര്‍ഗ്ഗ ചെടികളുടെ വലിയ ശേഖരമാണ് ഇവിടെ ഉള്ളത്. കര്‍ഷകോത്തമ ഉള്‍പ്പെടെ മൂന്ന് സംസ്ഥാന അവാര്‍ഡുകളടകം മുപ്പതോളം പുരസ്‌കാരങ്ങള്‍ കാര്‍ഷിക രംഗത്ത് ബിജുവിനെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ കുഞ്ഞുമോളും മക്കളായ അമല്‍, ആബേല്‍ എന്നിവരും പഴ തോട്ടത്തില്‍ ബിജുവിനെ സഹായിക്കുന്നുണ്ട്.

 

 

Related Articles

Back to top button