IndiaLatest

ഇന്ന് ലോകരക്തദാതാക്കളുടെ ദിനം

“Manju”

രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ എന്ന മഹാസന്ദേശവുമായി ഇന്ന് ലോകരക്തദാതാക്കളുടെ ദിനം. മറ്റുള്ളവരുടെ ജീവന്‍ രക്ഷിയ്ക്കുവാനായി രക്തം ദാനം ചെയ്ത് മാതൃകയാക്കുന്നവരെ ഓര്‍ക്കുന്നതിനായാണ് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ ജൂണ്‍ 14 ലോക രക്തദാതാക്കളുടെ ദിനമായി ആചരിക്കുന്നത്. ഉറ്റവരുടെ ജീവനു വേണ്ടി യാചിക്കുമ്പോള്‍ സഹായഹസ്തവുമായി എത്തുന്നവരാണ് രക്തദാതാക്കള്‍. യാതൊരു പ്രതിഫലവും കൂടാതെ അവശ്യസമയങ്ങളില്‍ രക്തദാനത്തിലൂടെ കരുതലാകുന്നവരാണ് ഇക്കൂട്ടരിലധികവും.

പൊതുജന ആരോഗ്യസംരക്ഷണത്തിനായി സുരക്ഷിതമായ രക്തദാനത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിയ്ക്കുവാനും രക്തം ദാനം ചെയ്യുന്നവരോട് നന്ദി പറയുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെയും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ്‌ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് 2005 മുതല്‍ ജൂണ്‍ 14 ലോക രക്തദാന ദിനമായി ആചരിക്കുന്നത്.

‘എബിഒ ബ്ലഡ് ഗ്രൂപ്പ് സിസ്റ്റം’ കണ്ടെത്തുകയും അതിന് നൊബേല്‍ സമ്മാനം നേടുകയും ചെയ്ത കാള്‍ ലാന്‍ഡ്സ്റ്റെയ്നറുടെ ജന്മദിനമാണ് ജൂണ്‍ 14. ഇന്ന് ലോകത്താകമാനം 118.54 ദശലക്ഷത്തിലേറെ രക്തദാതാക്കളുണ്ട്. 18നും 65നും മധ്യേ പ്രായവും, കുറഞ്ഞത് 45 കിലോഗ്രാം ഭാരവും, ശാരീരികവും മാനസികവുമായ ആരോഗ്യവുമുള്ള ഏതൊരാള്‍ക്കും മൂന്ന് മാസം കൂടുമ്പോള്‍ രക്ത ദാനം ചെയ്യാവുന്നതാണ്. കൃത്യമായ ഇടവേളകളില്‍ രക്തദാനം ചെയ്യുന്നതിലൂടെ രക്ത ദാതാവിനും ഒട്ടേറെ ഗുണങ്ങള്‍ ലഭിക്കുന്നു.

Related Articles

Back to top button