IndiaLatest

മണിപ്പൂരില്‍ ഭീകര സാന്നിദ്ധ്യം : വ്യോമ നിരീക്ഷണം ശക്തമാക്കി

“Manju”

ന്യൂഡല്‍ഹി: മ്യാന്‍മറില്‍ നിന്ന് തീവ്രവാദികള്‍ നുഴഞ്ഞു കയറിയെന്ന വിവരത്തെ തുടര്‍ന്ന് മണിപ്പൂരില്‍ വ്യോമ നിരീക്ഷണം ശക്തമാക്കി സൈന്യം. ഇംഫാല്‍ താഴ്വരയിലാണ് സൈനിക ഹെലികോപ്റ്ററുകളില്‍ നിരീക്ഷണം വര്‍ദ്ധിപ്പിച്ചത്. മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കി. തീവ്രവാദികള്‍ കൊടുംവനങ്ങളില്‍ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് തിരച്ചിലും ശക്തമാക്കി. സംസ്ഥാനത്ത് 14 കമ്പനി സേനയെ വിന്യസിച്ചു.

ഇതിനിടെ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി യോഗം വിളിച്ചു. എല്ലാ മണ്ഡലങ്ങളിലും സമാധാന സമിതികള്‍ക്ക് രൂപം നല്‍കി. ബി.ജെ.പി, കോണ്‍ഗ്രസ്, എന്‍.പി.എഫ്, എന്‍.പി.പി, സി.പി.എം, ..പി, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ പങ്കെടുത്തു.

ചുരചന്ദ്പൂരിലെ ടോര്‍ബംഗില്‍ ആള്‍ ട്രൈബല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ആഹ്വാനം ചെയ്ത ഗോത്ര ഐക്യദാര്‍ഢ്യ മാര്‍ച്ചിനിടെ അക്രമം ആരംഭിച്ചതിന് ശേഷം 23,000 ലേറെ പേരെ സൈന്യം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അക്രമം കുറഞ്ഞതോടെ കര്‍ഫ്യൂവില്‍ രാവിലെ 7 മുതല്‍ 10 വരെ ഇളവ് അനുവദിച്ചു. ഇന്നലെ രാവിലെയും ചുരചന്ദ്പൂരില്‍ സുരക്ഷ സേന ഫ്ലാഗ് മാര്‍ച്ച്‌ നടത്തി.

ഇതിനിടെ സംവരണ വിരുദ്ധ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. മണിപ്പൂരില്‍ നിന്ന് പാലായനം ചെയ്ത് അസമിലെ കച്ചാറില്‍ എത്തിയവര്‍ 1,500 ആയി.

 

 

Related Articles

Back to top button