IndiaLatest

റെയിൽപ്പാളം സ്വകാര്യമേഖലയെ ഏൽപ്പിക്കാൻ കേന്ദ്രം

“Manju”

ന്യൂഡൽഹി: പുതിയ റെയിൽപ്പാളങ്ങളുടെ നിർമാണം, നിലവിലുള്ള പാളങ്ങളുടെ നവീകരണം തുടങ്ങിയ പ്രവൃത്തികൾക്കായി സ്വകാര്യകമ്പനികൾക്ക് കരാർ നൽകാൻ കേന്ദ്രസർക്കാർ. അറ്റകുറ്റപ്പണികൾക്കുള്ള മെഷിനറികളടക്കം നിലവിൽ റെയിൽവേ മന്ത്രാലയമാണ് സഹായധനം നൽകുന്നത്. എന്നാൽ, റെയിൽവേയുടെ വിപുലീകരണത്തിനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ച സാഹചര്യത്തിലാണ് സ്വകാര്യകമ്പനികൾക്ക് ദീർഘകാല കരാറുകൾ നൽകാനുള്ള തീരുമാനമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ അനിൽകുമാർ ലഹോട്ടി പറഞ്ഞു.

റെയിൽവേയുടെ ആഭ്യന്തര കണക്കുകൾപ്രകാരം, അടുത്ത ആറുമുതൽ ഏഴുവർഷത്തിനുള്ളിൽ കുറഞ്ഞത് 2000 അത്യാധുനിക റെയിൽപ്പാളനിർമാണം നടക്കും. അറ്റകുറ്റപ്പണിയന്ത്രങ്ങളും ആവശ്യമായിവരും. പത്തുമുതൽ 100 കോടിവരെ വിലയുള്ള യന്ത്രങ്ങൾ ഉപയോഗിച്ചാണ് റെയില്‍പ്പാളങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തി ചെയ്യുന്നത്. അത് കനത്ത സാമ്പത്തികഭാരമുണ്ടാക്കും. അതിനാൽ, യന്ത്രങ്ങളുടെ ലഭ്യത കണക്കിലെടുത്ത് കരാറുകാർക്ക് പണം നൽകി പ്രവൃത്തികൾ പൂർത്തിയാക്കും.

രാജ്യത്തെ 18,000 ലെവൽ ക്രോസിങ്ങുകൾ ഒഴിവാക്കുന്നതും പരിഗണനയിലുണ്ട്. ഒട്ടേറെ പാലങ്ങൾ നിർമിക്കേണ്ടിവരും. ഇന്ത്യയുടെ ഗതാഗതത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ അടുത്ത 25 വർഷത്തിനുള്ളിൽ, ഒരുലക്ഷം കിലോമീറ്റർ റെയിൽപ്പാളം കൂട്ടിച്ചേർക്കേണ്ടിവരുമെന്നും ലഹോട്ടി പറഞ്ഞു.

Related Articles

Back to top button