IndiaLatest

മകന്റെ മൃതശരീരം ബാഗിലാക്കി പിതാവിന് സഞ്ചരിക്കേണ്ടിവന്നത് 200 കിലോമീറ്റര്‍

“Manju”

കൊല്‍ക്കത്ത: മകന്റെ മൃതദേഹം ശരീരം വീട്ടിലെത്തിക്കാന്‍ പണമില്ലാത്തതിനാല്‍ യുവാവിന് മൃതശരീരം ബാഗിലാക്കി യാത്രചെയ്യേണ്ടി വന്നത് 200 കിലോമീറ്ററോളം. പശ്ചിമബംഗാളിലെ മുസ്തഫാ നഗറിലെ ഡംഗിപാറയിലാണ് സംഭവം. ആംബുലന്‍സ് ഡ്രൈവര്‍ ചോദിച്ച വലിയ തുക നല്‍കാന്‍ ഇല്ലാതെ വന്നതോടെയാണ് അസിം ദേവശര്‍മ്മയ്‌ക്ക് അഞ്ച് മാസം മാത്രം പ്രായമുള്ള മകന്റെ ദേഹം ബാഗില്‍ ചുമന്ന് ഗ്രാമത്തിലെത്തിക്കേണ്ടി വന്നത്.

ശനിയാഴ്ചയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരട്ടകുട്ടികളാണ് അസിമിനുണ്ടായിരുന്നത്. രണ്ട് മക്കള്‍ക്കും സുഖമില്ലാതെ വന്നതിനെ തുടര്‍ന്ന് കാളിഗഞ്ച് ജനറല്‍ ആശുപത്രിയിലും പിന്നീട് റായ്ഗഞ്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. ഇതിനിടെ ഒരു കുട്ടിക്ക് അസൂഖം കുറഞ്ഞതിനെ തുടര്‍ന്ന് ഭാര്യയും ഒരു കുട്ടിയും വീട്ടിലേക്ക് മടങ്ങി. രണ്ടാമത്തെ കുട്ടി ശനിയാഴ്ച രാത്രിയോടെ മരിച്ചു. തുടര്‍ന്ന് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് അസിം സമീപിച്ചു. എന്നാല്‍ 8000 രൂപ വേണമെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ ഇല്ലാതെ വന്നതൊടെയാണ് അസീം മൃതശരീരം സഞ്ചിയിലാക്കി യാത്ര ചെയ്യാന്‍ തുടങ്ങിയത്. കുഞ്ഞിന്റെ മൃതദേഹം സഞ്ചിയിലാക്കി കാളിഗഞ്ജ് വരെ ബസിലാണ് അസീം യാത്ര ചെയ്തത്. പിന്നീട് യുവാവിന്റെ ദയനീയാവസ്ഥ കണ്ട് ഒരാള്‍ ഏര്‍പ്പെടുത്തി കൊടുത്ത ആംബുലന്‍സില്‍ വീട്ടിലെത്തി. കുഞ്ഞിന്റെ ചികിത്സയ്‌ക്ക് 16,000 രൂപ ചെലവായതുകൊണ്ടാണ് കൈയില്‍ പണമില്ലാതായി പോയെതെന്ന് വിഷമത്തോടെ അസിം അറിയിച്ചു.

Related Articles

Back to top button