IndiaLatest

വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ സൈക്കിള്‍ പദ്ധതി

“Manju”

പട്ന: വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സൈക്കിള്‍ നല്‍കുന്ന ബിഹാര്‍ സര്‍ക്കാരിന്റെ പദ്ധതിയെ സ്ത്രീശാക്തീകരണം ഉറപ്പുവരുത്തുന്ന നടപടിയായി അംഗീകരിച്ച്‌ ഐക്യരാഷ്ട്രസഭ. സാംബിയ ഉള്‍പ്പെടെ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലും പദ്ധതി വിജയകരമായി നടപ്പാക്കി. 2006-ല്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ കീഴിലാണ് ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിള്‍ സൗജന്യമായി നല്‍കുന്ന പദ്ധതി തുടങ്ങിയത്.

പദ്ധതി പെണ്‍കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കുന്നതായി യു.എസിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ നിഷിത് പ്രകാശ് പറഞ്ഞു. 2015-16 കാലഘട്ടത്തില്‍ സാംബിയയില്‍ പദ്ധതി അവതരിപ്പിച്ചതിന് ശേഷം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാലയങ്ങളിലേക്ക് പെണ്‍കുട്ടികളുടെ ഹാജര്‍ നില27 ശതമാനമായും വൈകിയെത്തുന്നവരുടെ എണ്ണം 66 ശതമാനമായും കുറഞ്ഞു. പെണ്‍കുട്ടികളുടെ സ്കൂളുകളിലേക്കുള്ള യാത്രകള്‍ സുരക്ഷിതമാക്കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ പദ്ധതി വലിയ വിജയമായി. അവരുടെ ജീവിതം സ്വന്തം നിയന്ത്രണത്തിലാക്കുന്നതിന് അവര്‍ക്ക് സാധിച്ചു. പദ്ധതി നിലവില്‍ വന്നതോടെ സ്കൂളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏകദേശം 40 ശതമാനത്തോളം കുറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെക്കൻഡറി സ്കൂള്‍ വിദ്യാഭ്യാസം തുടരുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സൈക്കിള്‍ നല്‍കുന്ന പദ്ധതി ബിഹാറില്‍ ആരംഭിച്ചതിന് ശേഷം ഗുണഭോക്താക്കളുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2007-08 കാലഘട്ടത്തില്‍ ഗുണഭോക്താക്കളുടെ എണ്ണം 1.5 ലക്ഷത്തില്‍ നിന്നും 2011-12-ല്‍ 5.48 ലക്ഷമായി ഉയര്‍ന്നു. തന്റെ ദീര്‍ഘനാളത്തെ ഭരണത്തില്‍ നടപ്പാക്കിയ പദ്ധതികളില്‍ ഏറ്റവും പ്രിയപ്പെട്ടത് പെണ്‍കുട്ടികള്‍ക്കായുള്ള ഈ പദ്ധതിയാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button