KeralaLatestThiruvananthapuram

രഞ്ജിത്തിന്റെ വിയോഗമറിയാതെ ചാക്ക ഫയര്‍സ്റ്റേഷനിലെ സൂസി

“Manju”

തിരുവനന്തപുരം: സൂസിക്ക് ഇപ്പോള്‍ പതിവ് ഉത്സാഹമില്ല, പടിവാതിലും നോക്കി മണിക്കൂറുകള്‍ കാത്തിരിക്കും. ചാക്ക ഫയര്‍സ്റ്റേഷനിലെ വളര്‍ത്തുനായയായ സൂസിയുടെ അവസ്ഥയാണിത്. ഡ്യൂട്ടിക്കിടെ മരിച്ച ചാക്ക ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാൻ ര‌ഞ്ജിത്തിന്റെ പ്രിയപ്പെട്ട നായയാണ് സൂസി. രഞ്ജിത്തിന്റെ വേര്‍പാടിന് ശേഷം സൂസി ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയിട്ടില്ല. മൂന്ന് വര്‍‌ഷമായി ഫയര്‍ സ്റ്റേഷന്റെ കാവല്‍ക്കാരിയാണ് നാടൻ ഇനത്തില്‍പ്പെട്ട 4വയസുകാരിയായ സൂസി.
തെരുവില്‍ നിന്ന് സ്റ്റേഷനിലെത്തിയ നായയെ ജീവനക്കാരാണ് എടുത്തുവളര്‍ത്തിയത്. ഫയര്‍സ്റ്റേഷൻ തന്നെയാണ് ഇവളുടെ വീട്. അടുപ്പമേറെയും രഞ്ജിത്തിനോടായിരുന്നു. കുറച്ച്‌ നാള്‍ മുമ്ബ് രഞ്ജിത്ത് സൂസിയെ കളിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. മുതുകില്‍ തലോടുന്നതും മൃദുവായി ചവിട്ടുന്നതും സൂസിക്ക് ഏറെ ഇഷ്ടമാണ്. രഞ്ജിത്ത് എത്തിയാല്‍ പിന്നില്‍ നിന്ന് മാറില്ല. തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ പിണക്കം നടിച്ച്‌ പിന്നാലെ കൂടും. രഞ്ജിത്തിന്റെ മൃതദേഹം സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് കൊണ്ടുവന്നപ്പോള്‍ ആദ്യം സൂസി ഭാവവ്യത്യാസം ഇല്ലാതെ കിടന്നു. സാധാരണ ദിവസങ്ങളില്‍ ഫയര്‍ ഫോഴ്സ് വാഹനങ്ങളുടെ സൈറണ്‍ മുഴങ്ങുമ്ബോള്‍ അനങ്ങാതെ കിടക്കുന്ന സൂസി ചൊവ്വാഴ്ച പതിവിന് വിപരീതമായി ആംബുലൻസിന്റെ സൈറൻ കേട്ട് അസ്വസ്ഥയായി. പുറത്തേക്ക് ഓടി ആംബുലൻസിന് ചുറ്റും മണത്തു. വീണ്ടും മുഖം കുനിച്ച്‌ പടിവാതില്‍ക്കല്‍ കിടന്നു.
ആരെങ്കിലും സൂസി എന്ന് വിളിക്കുമ്ബോള്‍ തലയുയുര്‍ത്തി നോക്കും. വീണ്ടും തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന സൂസിയുടെ കാഴ്ച കരളലിയിക്കുന്നതാണെന്ന് ജീവനക്കാര്‍ പറയുന്നു. രഞ്ജിത്തിന്റെ വേര്‍പാടില്‍ നിന്ന് സഹപ്രവര്‍ത്തകരും മുക്തരായിട്ടില്ല. ക്രിക്കറ്റ് ഏറെ പ്രിയപ്പെട്ട ആറ്റിങ്ങല്‍ സ്വദേശിയായ രഞ്ജിത്തിനെ ആറ്റിങ്ങല്‍ സച്ചിൻ എന്നായിരുന്നു സഹപ്രവര്‍ത്തകര്‍ വിളിച്ചിരുന്നത്. ഡബിള്‍ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് അധികമായി ഭക്ഷണവും കൊണ്ടുവരുമായിരുന്നു. ചൊവ്വാഴ്ച കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മേനംകുളം ഗോഡൗണിലുണ്ടായ തീപിടിത്തത്തിലാണ് രഞ്ജിത്ത് മരിച്ചത്.

Related Articles

Back to top button