IndiaLatestUncategorized

അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തു ; പോലീസ് ഉദ്യോഗസ്ഥൻ എൻഐഎയുടെ പിടിയിൽ

“Manju”

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടക വസ്തു കണ്ടെടുത്ത സംഭവത്തിൽ എൻഐഎയുടെ നിർണായക നടപടി. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയെ എൻഐഎ പിടികൂടി. സംഭവത്തിൽ സച്ചിൻ വാസെയ്ക്ക് പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

12 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ കഴിഞ്ഞ ദിവസം രാത്രി 11.50 ഓടെയാണ് വാസെയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുകേഷ് അംബാനിയുടെ വസതിക്കു മുന്നിൽ ഫെബ്രുവരി 25നാണ് ജെലാറ്റിൻ സ്റ്റിക്കുകളും ഭീഷണി കത്തും അടങ്ങിയ സ്‌കോർപിയോ കാർ കണ്ടെത്തിയത്. ഈ കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വാസെ. കേസ് പിന്നീട് എൻഐഎക്കു കൈമാറുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 286, 465, 473, 506, 120 തുടങ്ങിയ വകുപ്പുകളാണ് സച്ചിൻ വാസെയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, തനിക്കെതിരായ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് വാസെ പ്രതികരിച്ചു. അംബാനിയുടെ വസതിക്ക് സമീപത്തുവെച്ച് കണ്ടെടുത്ത സ്‌കോർപിയോ കാറിന്റെ ഉടമയും വ്യവസായിയുമായിരുന്ന മൻസൂഖ് ഹിരണിന്റെ മരണത്തിൽ വാസെയ്ക്ക് പങ്കുണ്ടോയെന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്ത വാഹനം വാസെയ്ക്ക് കൈമാറിയതായി ഹിരണിന്റെ ഭാര്യ മൊഴി നൽകിയിരുന്നു. എന്നാൽ വാഹനം തന്റെ കൈവശമായിരുന്നുവെന്ന ആരോപണം വാസെ ചോദ്യം ചെയ്യലിൽ നിഷേധിച്ചു. ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് പോലീസ് ഇൻസ്‌പെക്ടറായിരുന്ന വാസെയെ മുംബൈ പോലീസിന് കീഴിലുളള സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററിലേക്ക് മാറ്റിയിരുന്നു. 2021 മാർച്ച് 5നാണ് ഹിരണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Articles

Back to top button