IndiaLatest

45,000 നിയമനക്കത്തുകള്‍ വിതരണം ചെയ്ത് അസം സര്‍ക്കാര്‍

“Manju”

ഗുവാഹത്തി: സംസ്ഥാനത്തെ 45,000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനക്കത്തുകള്‍ വിതരണം ചെയ്ത് അസം സര്‍ക്കാര്‍. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിജയകരമായി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷവേളയിലാണ് നിയമനക്കത്ത് വിതരണം. ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് കത്തുകള്‍ സമ്മാനിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കും വിഭാഗങ്ങള്‍ക്കും കീഴിലാണ് നിയമനം. ഗുവാഹത്തിയിലെ ഖാനപാറയിലെ വെറ്ററിനറി കോളേജ് മൈതാനത്ത് വച്ചായിരുന്നു ആഘോഷപരിപാടി നടന്നത്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമല്ല, തനിക്കും ഒരു ഇതൊരു സുപ്രധാന അവസരമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. സംസ്ഥാനത്തെ ഒരു ലക്ഷത്തോളം തൊഴിലന്വേഷകര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ആ വാഗ്ദാനം നടപ്പാക്കുമ്പോള്‍ അത് നിറവേറ്റാനുള്ള സാധ്യതയെക്കുറിച്ച്‌ തനിക്ക് ഉറപ്പുണ്ടായിരുന്നില്ല. എന്നാല്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ അസമിലെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് അത് നിറവേറ്റാൻ തന്നെ പ്രേരിപ്പിച്ചതെന്നും ശര്‍മ്മ പറഞ്ഞു.

കൊറോണ പ്രതിസന്ധി ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ സര്‍ക്കാര്‍ ആ ലക്ഷ്യത്തിലെത്തുമായിരുന്നു. എന്നാലിനി ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിനുള്ള പരസ്യം നല്‍കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഒരു ലക്ഷം കടക്കാൻ ആവശ്യമായ ബാക്കിയുള്ള റിക്രൂട്ട്മെന്റുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വജനപക്ഷപാതവും റിക്രൂട്ട്മെന്റിലെ അഴിമതിയും ഭൂതകാലമാണെന്ന് വിശേഷിപ്പിക്കുമ്പോള്‍ നിലവിലെ ഭരണത്തിന് കീഴിലുള്ള റിക്രൂട്ട്മെന്റുകള്‍ സ്വതന്ത്രവും സുതാര്യവുമായ രീതിയിലാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമന കത്തുകള്‍ ലഭിച്ചവരോട് എപ്പോഴും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാനും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതുവഴി അടുത്ത രണ്ട് മൂന്ന് പതിറ്റാണ്ടിനുള്ളില്‍ എല്ലാ മേഖലകളിലും ഏറ്റവും പുരോഗമനപരമായ സംസ്ഥാനങ്ങളിലൊന്നായി അസമിനെ മാറ്റാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യത്തിന്റെ 100-ാം വര്‍ഷത്തോടെ രാഷ്‌ട്രത്തിന്റെ പദവി ലോകനേതാവായി ഉയര്‍ത്തിക്കാട്ടാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ നാം വലിയ പങ്ക് വഹിക്കേണ്ടതുണ്ട്. സംരംഭകത്വത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ സംസ്ഥാനത്തെ യുവാക്കളോട് തയ്യാറാകണം, സര്‍ക്കാര്‍ ജോലികളെ മാത്രം ആശ്രയിക്കുന്നത് സംസ്ഥാനത്തിന്റെ മുന്നേറ്റത്തില്‍ തടസ്സമുണ്ടാക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി.

Related Articles

Back to top button