IndiaLatest

2030ല്‍ ഇന്ത്യയുടെ ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥ ഒരു ട്രില്യണ്‍ ഡോളറിലെത്തും

“Manju”

ന്യൂഡല്‍ഹി: 2030-ഓടെ ഇന്ത്യയുടെ ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥ ഒരു ട്രില്യണ്‍ ഡോളറിലെത്തുമെന്ന് ഗൂഗിളിന്റെ റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ഇന്ത്യയിലൂടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എടുത്തുകാട്ടുന്നതാണ് ഇകോണമി ഇന്ത്യ-2023 എന്ന് പേരിലുള്ള ഗൂഗിള്‍ റിപ്പോര്‍ട്ട്.

ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നത്. 350 ദശലക്ഷം ഡിജിറ്റല്‍ പേയ്മെന്റ് ഉപയോക്താക്കളും 220 ദശലക്ഷം ഓണ്‍ലൈൻ ഉപയോക്താക്കളുമാണ് രാജ്യത്തുള്ളത്. 8.9 ബില്യണ്‍ യുപിഐ ഇടപാടുകളാണ് പ്രതിമാസം രാജ്യത്ത് നടക്കുന്നത്. ഇന്ത്യയില്‍ അഭിവൃദ്ധി പ്രാപിക്കുന്ന ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥ എല്ലാം തരത്തിലുള്ള സംരംഭങ്ങള്‍ക്കും വളരാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്.

ഇ കോമേഴ്‌സിലുള്ള ഉപഭോക്തൃവ്യാപാര ശ്രംഖലയുടെ ശക്തമായ മുന്നേറ്റം കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാൻ കാരണമാകുന്നുണ്ട്. 2030-ഓടെ ഗാര്‍ഹിക ഇന്റര്‍നെറ്റ് ഉപഭോഗം ഇരട്ടിയാകുകയും അത് ഇകോമേഴ്‌സിന്റെ സുസ്ഥിരമായ വളര്‍ച്ചയ്‌ക്ക് കൂടുതല്‍ ശക്തി പകരുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ പ്രതിശീര്‍ഷ ജിഡിപി 2022ലെ 2500 ഡോളറില്‍ നിന്ന് 2030 ഓടെ 5500 ഡോളറായി ഉയരുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2030ഓടെ കുടുംബവരുമാനത്തില്‍ വലിയ മാറ്റം ഉണ്ടാകും. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ (വാര്‍ഷിക വരുമാനം 1.5 ലക്ഷം രൂപയില്‍ താഴെ) 12ല്‍ നിന്ന് 6 ശതമാനമായി കുറയും. താഴ്ന്ന/ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ (വാര്‍ഷിക വരുമാനം 1.5 മുതല്‍ 5 ലക്ഷം വരെ) 50 ല്‍ നിന്ന് 38 ശതമാനമായി കുറയുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്‌, 2030-ഓടെ ഇന്ത്യയുടെ ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥ രാജ്യത്തിന്റെ ജിഡിപിയിലേക്ക് ഏകദേശം 12 മുതല്‍ 13 ശതമാനം വരെ സംഭാവന ചെയ്യാനുള്ള സാധ്യതയാണ് കാണുന്നത്. ഇകോമേഴ്‌സ്, ഓണ്‍ലൈൻ മീഡിയ കമ്പനികള്‍, ഓണ്‍ലൈൻ റൈഡ്ഹെയ്ലിംഗ് പ്ലാറ്റ്ഫോമുകള്‍, ഓണ്‍ലൈൻ ഫുഡ് ഡെലിവറി, ഓണ്‍ലൈൻ ട്രാവല്‍ കമ്പനികള്‍ എന്നിവ 2030-ഓടെ 4-5 മടങ്ങ് വരെ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷയും റിപ്പോര്‍ട്ട് പങ്കുവെക്കുന്നു.

Related Articles

Back to top button