IndiaLatest

ഉത്തര്‍പ്രദേശ് അഞ്ച് വര്‍ഷത്തിനുള്ളില്‍ 1 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി മാറും

“Manju”

ലക്‌നൗ: യുപിയുടെ വികസനം ലക്ഷ്യമിട്ട് പുതിയ പരിപാടികളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസന പദ്ധതികളിലൂടെ യുപിയെ 1 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി യുപി ഫോര്‍ ഇന്ത്യ, യുപി ഫോര്‍ ഗ്ലോബല്‍ എന്നീ മുദ്രാവാക്യമാണ് യോഗി ആദിത്യനാഥ് ഉയര്‍ത്തിയത്. ഇനി യുപിയുടെ സമയമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ ബഹുമുഖ വളര്‍ച്ചയുടെ അടിസ്ഥാന ഘടകമായി യുപിയെ മാറ്റുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2027ഓടു കൂടി ഉത്തര്‍പ്രദേശിനെ 1 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഒരു യോഗം മുഖ്യമന്ത്രി വിളിച്ചുകൂട്ടിയിരുന്നു. സംസ്ഥാനത്തിന്റെ വരുമാനവും ചെലവും വിലയിരുത്തിയ ശേഷം 1 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന ആശയം അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി യുപിയെ ലോകോത്തര നിലവാരത്തിലെത്തിക്കുക എന്ന കര്‍ത്തവ്യം തങ്ങള്‍ നിറവേറ്റുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു. എല്ലാ വകുപ്പുകളും വളര്‍ച്ചയുടെ അടിസ്ഥാന മേഖലകളിലേക്ക് ശ്രദ്ധ തിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഉത്പ്പാദനം,ഐടി, ഐടിഇസ്, മതപരമായ വിനോദസഞ്ചാരം, കൃഷി എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനെല്ലാം പുറമെ ഊര്‍ജം, ആരോഗ്യം, നഗരവികസനം, വിദ്യാഭ്യാസം, ഫുഡ് പ്രോസസിംഗ്, എംഎസ്‌എംഇ എന്നീ മേഖലയ്ക്കും പ്രാധാന്യം നല്‍കണമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാനത്തെ പ്രധാന നഗരങ്ങള്‍ ഓരോ മേഖലയ്ക്കുമായുള്ള പ്രത്യേകം ഹബ്ബുകളായി തിരിക്കാനുള്ള പദ്ധതി പുരോഗമിച്ച്‌ വരികയാണെന്ന് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എഐ നഗരം എന്ന നിലയില്‍ ലക്‌നൗവിനെ മാറ്റുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്കായി 54 ലക്ഷം വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. എല്ലാത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇനി മുതല്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അതിനായി സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് പദ്ധതി നിര്‍വ്വഹണത്തിലെ സുതാര്യത വര്‍ധിപ്പിക്കും. ഫലഭൂയിഷ്ടമല്ലാത്ത പ്രദേശങ്ങളില്‍ മാത്രമെ നിര്‍മാണപ്രവര്‍ത്തനം നടത്താൻ പാടുള്ളു. കൃഷിയോഗ്യമായ ഭൂമിയിലെ നിര്‍മാണം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട് എന്ന കാര്യവും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

Related Articles

Back to top button