കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ മരിച്ച നിലയില്‍
സിന്ധുമോള്‍ ആര്
തിരുവനന്തപുരം: ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരിക്കുന്നയാള് ആത്മഹത്യ ചെയ്തു. പള്ളിത്തുറ സെന്റ് ആന്‍സ് ലെയ്ന്‍ ഹൗസ് നമ്പര്‍ 72 ല്‍ ജോയ് ആണ് മരിച്ചത് . 47 വയസായിരുന്നു. ആശുപത്രിയിലെ ഐസൊലേഷന്‍ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. തിങ്കളാഴ്ചയാണ് പള്ളിത്തുറയിലെ ആരോഗ്യ സബ്സെന്റര്‍ വഴി ഇയാളെ ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
ഇയാള്‍ക്ക് സ്ഥിരമായി നല്‍കാറുള്ള മരുന്നു നല്‍കാനെത്തിയ ജീവനക്കാരനാണ് ആദ്യം സംഭവം കണ്ടത്.
ഇന്നലെ രാവിലെ മുതല്‍ തന്നെ ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. രാവിലെ മുതല്‍ ഭക്ഷണവും മരുന്നു കഴിക്കാനും വിസമ്മതിച്ചിരുന്നു. രോഗബാധ സംശയിച്ചിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം ആശുപത്രി അധികൃതരുടെ കണ്ണു വെട്ടിച്ച് ഇറങ്ങിയോടാന്‍ ശ്രമിച്ചിരുന്നു. മാനസിക സമ്മര്‍ദ്ദം ഏറെയുണ്ടായിരുന്ന ഇയാളെ കൗണ്‍സിലിംഗിന് ഹാജരാക്കാനുള്ള തയാറെടുപ്പിലായിരുന്നു അധികൃതര്‍. അതേസമയം, അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും ആശുപത്രി അധികൃതര്‍ വേണ്ട ശ്രദ്ധ നല്‍കിയില്ലെന്ന ആരോപണം ശക്തമായി ഉയരുകയാണ് . മൃതദേഹം കോവിഡ് പരിശോധനയ്ക്ക്ശേഷം വിട്ടു നല്‍കും.