IndiaLatest

ചന്ദ്രയാന്‍-3; വിക്ഷേപണ കൗണ്ട്ഡൗണ്‍ ഇന്ന് ആരംഭിക്കും

“Manju”

ഐ എസ്‌ ആര്‍ ഒ യുടെ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 വിക്ഷേപണം വെള്ളിയാഴ്‌ച. ഇതിനു മുന്നോടിയായുള്ള കൗണ്ട്‌ഡൗണ്‍ വ്യാഴാ‍ഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിക്കും. തുടര്‍ന്ന്‌ റോക്കറ്റില്‍ ഇന്ധനം നിറയ്‌ക്കും. ബുധനാഴ്‌ച ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌ സെന്ററില്‍ നടന്ന ഉന്നതതലയോഗം വിക്ഷേപണത്തിനുള്ള അന്തിമാനുമതി നല്‍കി. വെള്ളി പകല്‍ 2.35ന്‌ രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്ന്‌ പേടകവുമായി എല്‍വിഎം 3 റോക്കറ്റ്‌ കുതിക്കും. പതിനാറാം മിനിറ്റില്‍ പേടകം ഭൂമിക്കടുത്തുള്ള താല്‍ക്കാലിക ഭ്രമണപഥത്തിലെത്തും. 170 -37,000 കിലോമീറ്റര്‍ ദീര്‍ഘവൃത്താകൃതിയിലുള്ള പഥത്തിലായിരിക്കും പേടകം ഭൂമിയെ ചുറ്റുക. അഞ്ചു ഘട്ടമായി പഥം ഉയര്‍ത്തിയശേഷമാകും ചന്ദ്രനിലേക്ക്‌ പേടകത്തെ തൊടുത്തുവിടുക.

ആഗസ്റ്റ് മൂന്നാംവാരം ചാന്ദ്രയാൻ പേടകം ചന്ദ്രന്റെ ആകര്‍ഷണവലയത്തില്‍ കടക്കും. പിന്നീട്‌ പേടകത്തിലെ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച്‌ പടിപടിയായി ചന്ദ്രന്റെ 100 കിലോമീറ്റര്‍ അടുത്തേക്ക്‌ താഴ്‌ത്തും. 23നോ 24നോ ദക്ഷിണധ്രുവത്തില്‍ സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്യും. ലാൻഡറും റോവറുമടങ്ങുന്ന ദൗത്യത്തിന്‌ രണ്ടാഴ്‌ചയാണ്‌ കാലാവധി. വിക്ഷേപണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഐഎസ്‌ആര്‍ഒ ചെയര്‍മാൻ ഡോ. എസ്‌ സോമനാഥ്‌ അറിയിച്ചു. ഇക്കുറി ദൗത്യം പൂര്‍ണ വിജയമാകുമെന്ന ആത്മവിശ്വാസത്തിലാണ്‌. മുൻ ദൗത്യങ്ങളില്‍നിന്നുള്ള പാഠങ്ങള്‍ പഠിച്ച്‌ വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button