KeralaLatest

ചന്ദ്രയാൻ 3 വിക്ഷേപണം വിജയകരം

“Manju”

ശ്രീഹരിക്കോട്ട; രാജ്യത്തിന്റെ അഭിമാനമുയർത്തി ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണം വിജയകരം. നേരത്തെ അറിയിച്ചതു പോലെ 2.35ന് തന്നെ ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3 –എം4 റോക്കറ്റ് കുതിച്ചുയർന്നു. ഇസ്‌റോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള എൽവിഎം3 –എം4 റോക്കറ്റ്.

ഇനി പ്രതീക്ഷയോടെയുള്ള നീണ്ട കാത്തിരിപ്പാണ്. ഒരു മാസത്തിനുശേഷം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാൻ 3 സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് കാണുവാനുള്ള കാത്തിരിപ്പ്. ദൗത്യം വിജയം കാണുമ്പോള്‍ ചന്ദ്രനിൽ സുരക്ഷിതമായി ഒരു പേടകം ലാൻഡ് ചെയുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ അറിയപ്പെടും.

  •   ഖര ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് പറന്നുയരുന്നത്.
  • 108.1 സെക്കൻഡിൽ, ഏകദേശം 44 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ ദ്രാവക എൻജിൻ പ്രവർത്തനം തുടങ്ങും.
  • 127 സെക്കൻഡിൽ, റോക്കറ്റ് 62 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ ഖര ഇന്ധന എൻജിനുകൾ വേർപെടും.
  • 194 സെക്കൻഡ് കഴിയുമ്പോൾ (114 കിലോമീറ്റർ ഉയരത്തിൽ) പ്രൊപ്പൽഷൻ മൊഡ്യൂളിനെ സുരക്ഷിതമാക്കാൻ ഘടിപ്പിച്ചിരിക്കുന്ന താപകവചങ്ങൾ വേർപെടും.
  • 305 സെക്കൻഡ് (175 കിലോമീറ്റർ ഉയരം) കഴിയുമ്പോൾ ദ്രാവക എൻജിനുകൾ വേർപെടും. തൊട്ടുപിന്നാലെ ക്രയോജനിക് എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങും.
  • 954 സെക്കൻഡ് കഴിയുമ്പോൾ ക്രയോജനിക് എൻജിനും പ്രവർത്തനരഹിതമാകും.
  • പിന്നാലെ പ്രൊപ്പൽഷൻ മൊഡ്യൂൾ– ലാൻഡർ സംയുക്തം വേർപെട്ട് ദീർഘവൃത്താകൃതിയുള്ള ഭ്രമണപഥത്തിൽ ചുറ്റും. ഭൂമിയോടടുത്ത് (പെരിജി) 170 കിലോമീറ്ററും അകലെ (അപ്പോജി) 36,500 കിലോമീറ്ററും ദൂരവ്യത്യാസമുള്ളതാണ് ഈ ഭ്രമണപഥം. അതിൽനിന്നു നിശ്ചിത സമയം കഴിയുമ്പോൾ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു ചന്ദ്രയാൻ 3 മാറും.
  • ചന്ദ്രന്റെ ഭ്രമണപഥത്തിൽ ദീർഘവൃത്താകൃതിയിൽ തുടങ്ങി ക്രമേണ 100 കിലോമീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിലേക്കു പ്രൊപ്പൽഷൻ മൊഡ്യൂൾ എത്തും.
  • ഓഗസ്റ്റ് 23ന് അല്ലെങ്കിൽ 24ന് ലാൻഡിങ് നടക്കും. അതിനു മുന്നോടിയായി പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു ലാൻഡർ വേർപെടുത്തും. എതിർദിശയിൽ പ്രൊപ്പൽഷൻ നടത്തി വീഴ്ചയുടെ വേഗം കുറയ്ക്കാൻ (ഡി–ബൂസ്റ്റ്)‍ നാലു ത്രസ്റ്റർ എൻജിനുകളാണുള്ളത്.രണ്ടു ത്രസ്റ്റർ എൻജിനുകൾ ഒരേസമയം പ്രവർത്തിപ്പിച്ചാണ് വേഗം കുറയ്ക്കുക. സെക്കൻഡിൽ 2 മീറ്റർ വേഗത്തിൽ ലാൻഡറിനെ സാവധാനം താഴെയെത്തിക്കാനാണ് ശ്രമം. ഇതു 3 മീറ്റർ ആയാലും തകരാത്തവിധം കരുത്തുള്ള കാലുകളാണ് ഇത്തവണ ലാൻഡറിനു നൽകിയിരിക്കുന്നത്. ലാൻഡർ സാവധാനം ചന്ദ്രോപരിതലത്തിൽ ഇറങ്ങിയാൽ, ആറു ചക്രങ്ങളുള്ള റോവർ റാംപ് വഴി ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും

Related Articles

Back to top button