KeralaLatest

കുതിരലാടത്തിന്റെ ആകൃതിയില്‍ വിഴിഞ്ഞം -ബാലരാമപുരം ഭൂഗര്‍ഭ റെയില്‍പ്പാത

“Manju”

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ബാലരാമപുരം വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പ്പാതയൊരുങ്ങുന്നത് രാജ്യത്ത് തുരങ്കനിര്‍മ്മാണ മേഖലയില്‍ അത്രയൊന്നും പരിചിതമല്ലാത്ത ന്യൂ ആസ്‌ട്രിയൻ ടണലിംഗ് രീതിയില്‍ (എൻ..ടി.എം).

ആധുനിക തുരങ്കനിര്‍മ്മാണത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ഈ രീതി ലോകത്തെ പല തുരങ്കപാതകളുടെയും നിര്‍മ്മാണത്തിന് മാതൃകയായിട്ടുണ്ട്. ചുണ്ണാമ്പുക്കല്ലിന്റെയും മറ്റും സാന്നിദ്ധ്യമുള്ള മണ്ണില്‍ ഏറ്റവും അനുയോജ്യമായ രീതിയായാണ് എൻ..ടി.എമ്മിനെ പരിഗണിക്കുന്നത്. 9.2 കിലോമീറ്റര്‍ നീളത്തില്‍ ഒറ്റവരിയില്‍ നിര്‍മ്മിക്കുന്ന തുരങ്കപാതയുടെ പണി പൂര്‍ത്തിയായാല്‍ കുതിരലാടത്തിന്റെ ആകൃതിയായിരിക്കും. നിര്‍മ്മാണവേളയില്‍ കുഴിച്ചെടുക്കുന്ന മണ്ണും കല്ലും മറ്റും തുരങ്കം പണിയുമ്പോള്‍ പുനരുപയോഗിക്കാൻ കഴിയും.

തുരങ്കത്തിന്റെ ചുവര് മുഴുവനായും ഒരുപോലെ ബലപ്പെടുത്താൻ ശ്രമിക്കുന്നതിന് പകരം തുരങ്കത്തിലെ പാറകളുടെ ഘടനയ്‌ക്ക് അനുസരിച്ചായിരിക്കും ബലപ്പെുത്തല്‍ രീതി. തുരങ്കം സ്‌ഫോടകവസ്‌തുക്കള്‍ ഉപയോഗിച്ചാകും തുരക്കുക. ഓരോ ഘട്ടത്തിലും മെഷീനുകള്‍ ഉപയോഗിച്ച്‌ തുരക്കേണ്ട ഭാഗത്ത് സ്‌ഫോടകവസ്‌തുക്കള്‍ നിറയ്‌ക്കും. ചെറിയ സ്‌ഫോടനങ്ങളാണ് ഉണ്ടാക്കുക. തുരക്കുന്ന ഭാഗത്ത് ഷോട്ട്ക്രീറ്റിന്റെ ഒരു പാളി തേച്ചുപിടിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. തുരങ്കത്തില്‍ രൂപഭേദം വന്ന പാറക്കൂട്ടങ്ങളെ കൃത്യമായി നിരീക്ഷിക്കും. തുരങ്കത്തിനെ ബലപ്പെടുത്താൻ റോക്ക് ബോള്‍ട്ടുകളും വയറും സ്റ്റീല്‍ റിബുമെല്ലാം ഉപയോഗിക്കാം. ചുറ്റുമുള്ള പാറക്കൂട്ടങ്ങളെ സ്വാഭാവികമായി നിലനിറുത്താൻ ഭൂമി തുരന്നയുടൻ ഇൻവേര്‍ട്ട് അല്ലെങ്കില്‍ തുരങ്കത്തിന്റെ താഴ്ന്നഭാഗം മൂടും. തുരങ്കത്തിനെ ബലപ്പെടുത്താൻ അതിലുള്ള പാറക്കൂട്ടങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട് നിര്‍മ്മാണച്ചെലവും കുറവായിരിക്കും. ഭൂമി തുരക്കുമ്പോള്‍ കാണുന്ന പാറക്കൂട്ടങ്ങളുടെ സ്വഭാവം മനസിലാക്കിയാല്‍ മാത്രമെ എൻ..ടി.എം ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.

ആല്‍പ്‌സ് പര്‍വതനിരകള്‍ക്കടിയിലൂടെയുള്ള തുരങ്ക നിര്‍മ്മാണത്തിനാണ് ആദ്യമായി എൻ..ടി.എം ഉപയോഗിച്ചത്. സീക്വൻഷ്യല്‍ എക്‌സ്‌കവേറ്റഡ് മെത്തേഡ്, സ്‌പ്രേയിഡ് കോണ്‍ക്രീറ്റ് ലൈനിംഗ് മെത്തേഡ് എന്ന പേരുകളിലും ഈ രീതി അറിയപ്പെടുന്നു. 1957-65 കാലത്ത് ആസ്ട്രിയയില്‍ ഈ രീതിയില്‍ തുരങ്കനിര്‍മ്മാണം വ്യാപകമായി നടന്നതുകൊണ്ടാകാം ന്യൂ ആസ്ട്രിയൻ ടണലിംഗ് മെത്തേഡ് എന്ന പേര് ലഭിച്ചത്.

Related Articles

Back to top button