InternationalLatest

യു.എ.ഇയില്‍ മെര്‍സ് സ്ഥിരീകരിച്ചു

“Manju”

ജനീവ : യു..ഇയിലെ അബുദാബിയില്‍ 28കാരന് മെര്‍സ് കൊറോണ വൈറസ്  സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 2012ല്‍ മിഡില്‍ഈസ്റ്റ് രാജ്യങ്ങളില്‍ ആശങ്ക പടര്‍ത്തിയ രോഗമാണ് മെര്‍സ് അഥവാ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം. കൊവിഡ് 19 മഹാമാരിക്ക് കാരണമായ സാര്‍സ് കോവ് – 2 വൈറസുമായി സാമ്യമുള്ള കൊറോണ വൈറസാണ് മെര്‍സ്.

കഴിഞ്ഞ മാസം അല്‍ അയിൻ നഗരത്തിലെ ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന 108 പേരെ അധികൃതര്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയെങ്കിലും മറ്റാരിലും ഇതുവരെ രോഗബാധ കണ്ടെത്തിയിട്ടില്ല. മെര്‍സ് ഒട്ടകങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുമെന്ന് മുമ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്ന യുവാവിന് ഒട്ടകവുമായി സമ്പര്‍ക്കമുണ്ടായിട്ടില്ല. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. യുവാവിന്റെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുവാവ് അറബ് വംശജനോ ആരോഗ്യ പ്രവര്‍ത്തകനോ അല്ല.

കൊവിഡ് 19ന് മുമ്പ് മനുഷ്യനെ ബാധിച്ചിട്ടുള്ള ആറ് കൊറോണ വൈറസുകളിലൊന്നാണ് മെര്‍സ്. സാര്‍സ്, 229E, NL63, OC43, HKU1 എന്നിവയാണ് മനുഷ്യനെ ബാധിക്കുന്ന മറ്റ് കൊറോണ വൈറസുകള്‍. ഇതില്‍ സാര്‍സും മെര്‍സും ഒഴികെ മറ്റുള്ളവ മനുഷ്യന് അത്ര ഭീഷണിയല്ല. 2002 നവംബറിനും 2003 ജൂലൈയ്ക്കും ഇടയില്‍ ചൈനയില്‍ പടര്‍ന്നുപിടിച്ചതും കൊവിഡുമായി ജനിതകപരമായി ഏറെ അടുപ്പം പുലര്‍ത്തുന്നതുമായ സാര്‍സുമായി ( സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ) മെര്‍സിന് സാമ്യമേറെയാണ്.

2012ല്‍ സൗദി അറേബ്യയിലാണ് മെര്‍സ് ആദ്യമായി കണ്ടെത്തിയത്. പിന്നീട് മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, എഷ്യ എന്നിവിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു. 2014ല്‍ അമേരിക്കയിലും 2015ല്‍ ദക്ഷിണ കൊറിയയിലും മെര്‍സ് ബാധ സ്ഥിരീകരിച്ചിരുന്നു.

പനി, ചുമ, ശ്വാസതടസം, ന്യുമോണിയ, ജലദോഷം, തലവേദന, മൂക്കൊലിപ്പ്, തൊണ്ടവേദന, ക്ഷീണം, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയവയാണ് മെര്‍സിന്റെ ലക്ഷണങ്ങള്‍. സമ്പര്‍ക്കം മൂലം മനുഷ്യര്‍ക്കിടെയില്‍ വ്യാപിക്കുന്നു. 2012 മുതല്‍ ആകെ 27 രാജ്യങ്ങളില്‍ മെര്‍സ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡബ്ല്യു.എച്ച്‌.ഒ പറയുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം രോഗം ബാധിച്ച 2,605 പേരില്‍ 936 പേര്‍ മരിച്ചു.

Related Articles

Back to top button