IndiaLatest

ഭുവനേശ്വറിലും സ്‌ക്രാപ്പിംഗ് കേന്ദ്രം ആരംഭിച്ച്‌ ടാറ്റ

“Manju”

ഭുവനേശ്വര്‍: രാജ്യത്തെ രണ്ടാമത്തെ സ്‌ക്രാപ്പിംഗ് കേന്ദ്രം ആരംഭിച്ച്‌ ടാറ്റ. പ്രതിവര്‍ഷം പതിനായിരം വാഹനങ്ങള്‍ പൊളിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. ‘റീസൈക്കിള്‍ വിത്ത് റെസ്‌പെക്‌ട്’ എന്ന് പേരിട്ടിരിക്കുന്ന കേന്ദ്രത്തില്‍ അത്യാധുനിക പരിസ്ഥിതി സൗഹൃദ പ്രക്രിയകളിലൂടെയാണ് വാഹനങ്ങള്‍ പൊളിക്കുന്നത്. പാസഞ്ചറും കൊമേഴ്‌ഷ്യലുമായ വാഹനങ്ങള്‍ കേന്ദ്രത്തില്‍ പൊളിക്കാൻ കഴിയും.
ടയറുകള്‍, ബാറ്ററി, ഇന്ധനം, എണ്ണ, മറ്റ് ദ്രാവകങ്ങള്‍, വാതകങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ സുരക്ഷിതമായി വേര്‍തിരിച്ചെടുക്കാൻ പ്രത്യേക സ്റ്റേഷനുകളുണ്ട്. പരിസ്ഥിതിയെ സഹായിക്കുന്നതിനും പുതിയ വാഹനങ്ങളുടെ ആവശ്യകത വര്‍ദ്ധിപ്പിക്കുകയുമാണ് വാഹന സ്‌ക്രാപ്പേജ് പോളിസിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്തതിന് ശേഷം പ്രത്യേക ആനുകൂല്യങ്ങളുമായി പുത്തൻ വാഹനം വാങ്ങാൻ കഴിയും.

ഗതാഗത മേഖലയുടെ പാരിസ്ഥിതിക ആഘാതം കുറയ്‌ക്കുന്നതിനുള്ള നിര്‍ണായക ചുവടുവെയ്പ്പാണ് പുതിയ സ്‌ക്രാപ്പിംഗ് കേന്ദ്രമെന്ന് ഒഡിഷ ഗതാഗത വകുപ്പ് മന്ത്രി ടുകുനി പറഞ്ഞു. കാര്‍ബണ്‍ രഹിത ഭാരതം സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആശയങ്ങള്‍ക്ക് ശക്തി പകരുന്നവയാകും ഈ സ്‌ക്രാപ്പിംഗ് കേന്ദ്രമെന്ന് കമ്പനി പറഞ്ഞു. പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കാരണമുണ്ടാകുന്ന വായു മലിനീകരണം കുറയ്‌ക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാകുമിതെന്ന് ടാറ്റ മോട്ടോഴ്സ് ട്രക്സ് ബിസിനസ് ഹെഡ് രാജേഷ് കൗള്‍ പറഞ്ഞു. പരിസ്ഥിതി സൗഹൃദ വാഹനങ്ങളായ ഇലക്‌ട്രിക് വാഹനങ്ങളും മറ്റും സ്‌ക്രാപ്പിംഗിന്റെ ആവശ്യകത നിറവേറ്റുന്നതിനൊപ്പം സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ടാറ്റ തങ്ങളുടെ ആദ്യത്തെ സ്‌ക്രാപ്പിംഗ് കേന്ദ്രം രാജസ്ഥാനിലെ ജയ്പൂരില്‍ ആരംഭിച്ചത്. പ്രതിവര്‍ഷം 15,000 വാഹനങ്ങള്‍ പൊളിച്ചുമാറ്റാനുള്ള ശേഷിയാണുള്ളത്. ടാറ്റ മോട്ടോഴ്‌സിന്റെ പങ്കാളിയായ ഗംഗാനഗര്‍ വാഹൻ ഉദ്‌ഗോഗ് പ്രൈവറ്റ് ലിമിറ്റഡാണ് ഇത് വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത്. കാര്‍ബണ്‍ രഹിത ഇന്ത്യ യാഥാര്‍ത്ഥ്യമാക്കുന്നതിന് മുന്നോടിയായാണ് ഇത്തരത്തിലുള്ള സ്‌ക്രാപ്പിംഗ് കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.

Related Articles

Back to top button