InternationalLatest

മ്യാൻമർ സെെനിക അട്ടിമറി; ഫണ്ട് കൈമാറ്റത്തിന് വിലക്കേർപ്പെടുത്തി യുഎസ്

“Manju”

വാഷിംഗ്‌ടൺ: സെെനിക അട്ടിമറി നടന്ന മ്യാൻമറിന് ആദ്യ തിരിച്ചടി നൽകി യുഎസ്. മ്യാൻമറിലേക്ക് വസ്തുവകകളും പണവും കെെമാറ്റം ചെയ്യുന്നതിന് യുഎസ് സർക്കാർ വിലക്കേർപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ യുഎസ് പ്രസിഡന്റ് ജാേ ബൈഡൻ ഒപ്പുവെച്ചു.

മ്യാൻമറിലേക്കുള്ള ഫണ്ട് കെെമാറ്റം അമേരിക്കയുടെ ദേശീയ സുരക്ഷയെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പൊതു തെരഞ്ഞെടുപ്പിലെ മ്യാൻമറിലെ ജനഹിതം അട്ടിമറിക്കുകയാണ് സെെനിക നീക്കത്തിലൂടെ സംഭവിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

സൈനിക അട്ടിമറിയിലൂടെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മ്യാൻമർ പുറത്താക്കുകയായിരുന്നുവെന്നും ഉത്തരവിൽ പറയുന്നു. മാത്രമല്ല മനുഷ്യാവകാശ പ്രവർത്തകരെയും രാഷ്ട്രീയക്കാരെയും മതനേതാക്കളെയും മാദ്ധ്യമ പ്രവർത്തകരെയും മ്യാൻമർ തടവിലാക്കിയിരിക്കുകയാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിന് വിപരീതമാണ് ഈ നീക്കം. യുഎസിന്റെ വിദേശനയത്തിനും ദേശീയ  സുരക്ഷയ്ക്കും ഭീഷണിയാണിതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

മ്യാൻമറിൽ നിന്നും പ്രത്യക്ഷമായോ അല്ലാതെയോ ഉള്ള സാമ്പത്തിക  ലാഭം സ്വീകരിക്കുന്നതും വിലക്കിയിട്ടുണ്ട്. നവംബറിലെ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം സെെന്യം ഭരണം പിടിച്ചത്. തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയ ആങ് സാൻ സ്യൂകി ഉൾപ്പെടെയുള്ള നേതാക്കളെ തടവിലാക്കിയ സൈനിക നേതൃത്വം രാജ്യത്ത് ഒരു വർഷത്തേക്ക് അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചു.

Related Articles

Back to top button