IndiaLatest

ഇന്ന് കാർഗിൽ വിജയ് ദിവസ്

“Manju”

ഇന്ന് കാർഗിൽ വിജയ് ദിവസ്, കാർഗിൽ മലനിരകളിൽ പാകിസ്ഥാനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് 24 വയസ് തികയുന്ന ദിനം. യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ ഓർമ്മകളിലൂടെയാണ് ഓരോ കാർഗിൽ വിജയ് ദിവസും കടന്നുപോകുന്നത്. യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട രാജ്യത്തിന്റെ വീരയോദ്ധാക്കളെ അനുസ്മരിക്കുന്ന ദിനം കൂടിയാണിന്ന്. 1999 മെയ് 8 മുതൽ ആരംഭിച്ച യുദ്ധം, 1999 ജൂലൈ 26-നാണ് ഔദ്യോഗികമായി അവസാനിച്ചത്. എന്നാൽ, 1999 ജൂലൈ 14ന് പാകിസ്ഥാന് മേൽ ഇന്ത്യ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിൽ മലനിരകളിൽ യുദ്ധം ആരംഭിച്ചത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥലങ്ങൾ അധീനതയിലാക്കുക എന്നതായിരുന്നു പാക് സൈന്യത്തിന്റെ ലക്ഷ്യം. അന്ന് 5,000-ത്തോളം പാക് സൈനികരും, തീവ്രവാദികളുമാണ് ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറിയത്.

പാക് സൈന്യത്തെ തുരത്താൻ ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിലാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ഒടുവിൽ ഇന്ത്യൻ സൈന്യത്തിന്റെ കരുത്തറിഞ്ഞ പാകിസ്ഥാൻ തോൽവി സമ്മതിച്ച് പിന്മാറുകയായിരുന്നു. കാര്‍ഗിലില്‍ വിജയക്കൊടി നാട്ടിയ ജൂലൈ 26 ഇന്ത്യ പിന്നീട് വിജയ് ദിവസ് എന്ന പേരില്‍ ആചരിക്കാൻ തുടങ്ങി. കാര്‍ഗിലില്‍ രാജ്യത്തിന് നഷ്ടമായ 527 ധീര ജവാൻമാരുടെ രാജ്യസ്നേഹത്തിന് മുന്നില്‍ പ്രണാമങ്ങള്‍. എല്ലാവര്‍ഷവും രാജ്യം ആ ഓര്‍മ്മ പുതുക്കുന്നു.

Related Articles

Back to top button