KeralaLatest

എല്ലാ തദ്ദേശ സ്ഥാപനങ്ങളും ആംബുലന്‍സ് സേവനം ഉറപ്പു വരുത്തണം

“Manju”

ആലപ്പുഴ: കോവിഡ് 19 രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ആംബുലന്‍സ് സേവനം ഉറപ്പു വരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആംബുലന്‍സ് നിലവില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ ആംബുലന്‍സുകള്‍ വാടകയ്ക്ക് എടുക്കണം. ജില്ലാ പഞ്ചായത്തിന്റെ കോവിഡ് ഹെല്‍പ് ഡെസ്‌കിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്.

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. സി എഫ് എല്‍ ടി സി യുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആംബുലന്‍സ്, മാസ്ക്, സാനിറ്റൈസര്‍ അടക്കമുള്ള കാര്യങ്ങള്‍ക്കുമായി ഈ തുക വിനിയോഗിക്കുന്നതിന് ഡി എം ഒ യെ ചുമതലപ്പെടുത്തിയതായും പ്രസിഡന്റ് പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി തയ്യാറാക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ നടപ്പിലാക്കുക. രോഗികളായവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് സി എഫ് എല്‍ ടി സികള്‍ കാര്യക്ഷമമാക്കുകയാണ് ഒന്നാമത്തെ ഘട്ടം.

രോഗികളായവരുടെയും മറ്റുള്ളവരുടെയും ആശങ്കകള്‍ അകറ്റുന്നതിനും മാനസികമായി ശക്തിപ്പെടുത്തുന്നതിനുമുള്ള ഹെല്‍പ്പ് ഡസ്ക് പ്രവര്‍ത്തനങ്ങളാണ് രണ്ടാം ഘട്ടം. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് മൂന്നാമത്തെ ഘട്ടം. അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാകും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കുടുംബശ്രീ പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രേരക്മാര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെയാകും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എം.വി. പ്രിയ, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ.ആര്‍.റിയാസ്, ബിപിന്‍ സി.ബാബു, ഡോ. ദീപ്തി കെ.കെ, ഡോ. ശ്രീജിതന്‍, ഡോ.ജെ.ബോബന്‍, ഡോ.എസ്. ഷീബ, എം.ജി.സുരേഷ്, ജ്യോതി കെ. ദിവാകരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button