Kerala

പെരിയ ഇരട്ടക്കൊല;മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം:മുല്ലപ്പള്ളി

“Manju”

പെരിയ ഇരട്ടക്കൊലപാതക കേസ്‌ സി.ബി.ഐക്ക്‌ വിട്ട ഹൈക്കോടതി ഉത്തരവ്‌ സ്‌റ്റേചെയ്യണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ച സുപ്രീംകോടതിയുടെ നടപടി മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

സി.ബി.ഐ അന്വേഷണത്തിന്‌ സ്റ്റേ നല്‍കാത്ത സുപ്രീംകോടതി നടപടിയെ കെ.പി.സി.സി സ്വാഗതം ചെയ്യുന്നു. സി.ബി.ഐ എന്നുകേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക്‌ മുട്ടിടിക്കുകയും ഉറക്കം നഷ്ടമാവുകയും ചെയ്യുന്നു.സി.പി.എം ക്രിമിനലുകളെ രക്ഷിക്കാന്‍ സാധാരണക്കാരായ നികുതിദായകന്റെ പണമല്ല സര്‍ക്കാര്‍ ചെലവാക്കേണ്ടതെന്നും അതിന്‌ സി.പി.എം പാര്‍ട്ടി ഫണ്ട്‌ കണ്ടെത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ധാര്‍മ്മികത തൊട്ടുതീണ്ടാത്ത സര്‍ക്കാരാണ്‌ കേരളത്തിലേത്‌.ജനമനസുകളില്‍ നിന്നും കുടിയിറക്കപ്പെട്ട ഈ സര്‍ക്കാരിന്റെ മലയിറക്കം തുടങ്ങിയിരിക്കുന്നു. പെരിയ ഇരട്ടക്കൊലപാതക കേസ്‌ സത്യസന്ധമായി സി.ബി.ഐ അന്വേഷിച്ചാല്‍ പ്രതിസ്ഥാനത്ത്‌ വരിക സി.പി.എം ഉന്നതരായിരിക്കും.സി.പി.എമ്മിന്റെ പങ്ക്‌ കൃത്യമായി ആരോപിക്കുന്ന ഈ കൊലപാതകം സി.ബി.ഐക്ക്‌ വിടാനുള്ള ആര്‍ജ്ജവമാണ്‌ മുഖ്യമന്ത്രി കാട്ടേണ്ടതായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

പെരിയ ഇരട്ടക്കൊല കേസ്‌ എങ്ങനെയും അട്ടിമറിക്കനാണ്‌ സി.പി.എമ്മും കേരള സര്‍ക്കാരും തുടക്കം മുതല്‍ ശ്രമിച്ചത്‌.കേസ്‌ സി.ബി.ഐക്ക്‌ വിട്ട്‌ ഹൈക്കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസ്‌ ഡയറി കൈമാറാന്‍ ഇതുവരെ കേരള പോലീസ്‌ തയ്യാറായില്ല. ഇത്‌ സി.പി.എം നേതാക്കളുടെ ഇടപെടലുകളെ തുടര്‍ന്നാണ്‌.എന്നും വേട്ടക്കാര്‍ക്ക്‌ ഒപ്പം നിന്ന പാര്‍ട്ടിയാണ്‌ സി.പി.എം. ടി.പി.ചന്ദ്രശേഖരന്‍,ഷുഹൈബ്‌,വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകം തുടങ്ങിയ കേസുകള്‍ സി.ബി.ഐക്ക്‌ വിടാനുള്ള തന്റേടം കാട്ടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

*********

Related Articles

Back to top button