KeralaLatest

ഇന്ത്യയില്‍ ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ കൂടുന്നു

“Manju”

ലോകത്തില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദ രോഗബാധയില്‍ ഏഴാം സ്ഥാനത്താണ് ഹെഡ് ആൻഡ് നെക്ക് കാൻസര്‍. കഴുത്തിനെയും തലയെയും ബാധിക്കുന്ന ഈ കാൻസറില്‍ 57.5 ശതമാനവും ഏഷ്യയില്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

അതില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് ഇന്ത്യയിലാണ്. ജീവിതശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, പുകവലി, പുകയില ഉപയോഗം, മദ്യപാനം, പോഷകങ്ങളുടെ അഭാവം എന്നിവയാണ് ഇതിന്റെ കാരണങ്ങളായി പറയുന്നത്. പുകയിലയും മദ്യവും അമിതമായി ഉപയോഗിക്കുന്നവരില്‍ ഹെഡ് ആൻഡ് നെക്ക് കാൻസര്‍ സാധ്യത 35 ശതമാനം അധികമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കാരണം?

ഭക്ഷണത്തില്‍ വൈറ്റമിൻ എ, സി, , അയണ്‍, സെലീനിയം, സിങ്ക് എന്നിവ അപര്യാപ്തമാകുന്നത് അര്‍ബുദത്തിലേക്ക് നയിക്കുന്ന ഘടകമാണ്. ഉയര്‍ന്ന അളവില്‍ ഉപ്പ് ചേര്‍ത്ത ഭക്ഷണം കഴിക്കുന്നതും ഹെഡ് ആൻഡ് നെക്ക് കാൻസറിന് കാരണമാകും. ഗ്രില്‍ഡ് ബാര്‍ബിക്യൂ മാംസം, തണുപ്പിച്ചതും സംസ്കരിച്ചതുമായ ഭക്ഷണം എന്നിവ അമിതമായി ഉപയോഗിക്കുന്നതും പ്രതികൂലമാകും. വായു മലിനീകരണവും അമിതമായ സൂര്യതാപമേല്‍ക്കുന്നതും അര്‍ബുദത്തിലേക്ക് നയിക്കാം. എച്ച്‌പിവി, ഇബിവി, ഹെര്‍പിസ്, എച്ച്‌ഐവി തുടങ്ങിയ ചില വൈറസുകളും ഇതിന് കാരണമാകാറുണ്ട്.

ജനിതകമായ ചില ഘടകങ്ങളും ഹെഡ് ആൻഡ് നെക്ക് അര്‍ബുദത്തിന് പിന്നിലുണ്ടാകാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഈ അര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ ഇത് മറ്റുള്ളവര്‍ക്കും വരാനുള്ള സാധ്യത 3.5 മുതല്‍ 3.8 ശതമാനം വരെ അധികമാണ്. മോശം പ്രതിരോധശേഷിയുള്ളവരില്‍ ഈ അര്‍ബുദം വരാനുള്ള സാധ്യത 500 മുതല്‍ 700 മടങ്ങ് കൂടുതലാണ്.

ലക്ഷണങ്ങള്‍

ഉണങ്ങാത്ത മുറിവുകള്‍, അസാധാരണ വളര്‍ച്ചകള്‍, ശബ്ദത്തിലെ വ്യതിയാനം, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്‍ ഹെഡ് ആൻഡ് നെക്ക് അര്‍ബുദത്തിൻറെ സംശയമുണര്‍ത്തുന്നവയാണ്. രോഗനിര്‍ണയം വൈകി നടക്കുന്നത് മരണനിരക്കും രോഗസങ്കീര്‍ണതയും വര്‍ദ്ധിപ്പിക്കാൻ ഇടയാക്കും.

സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരില്‍

2040ഓടെ ഹെഡ് ആൻഡ് നെക്ക് കാൻസര്‍ കേസുകള്‍ 50-60 ശതമാനം വര്‍ദ്ധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാരിലാണ് ഈ കാൻസര്‍ കൂടുതലായി കണ്ടുവരുന്നത്. അറുപതുകളിലും എഴുപതുകളിലുമുള്ളവരിലാണ് രോഗം കൂടുതലായി കാണപ്പെടുന്നതെങ്കിലും 20-50 പ്രായവിഭാഗത്തിലുള്ളവരില്‍ 24.2 മുതല്‍ 33.5 ശതമാനം വരെ വര്‍ധന ഉണ്ടാകാമെന്നാണ് കരുതുന്നത്.

 

 

Related Articles

Back to top button