IndiaLatest

ദേശീയ ടീമില്‍ ഇന്ത്യന്‍ വംശജരെയും ഉള്‍പ്പെടുത്തിയേക്കും

“Manju”

ന്യൂഡല്‍ഹി: ഇന്ത്യൻ പൗരന്മാര്‍ക്കൊപ്പം ഇന്ത്യൻ വംശജരെയും ദേശീയ ടീമിലേക്ക് പരിഗണിക്കാനൊരുങ്ങി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ. ഇത് സംബന്ധിച്ച്‌ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ എഐഎഫ്‌എഫ് കര്‍മ്മസമിതിയ്‌ക്ക് രൂപം നല്‍കി. നിലവിലെ നിയമം അനുസരിച്ച്‌ ഇരുവിഭാഗക്കാര്‍ക്കും ദേശീയ ടീമിന്റെ ഭാഗമായി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഒരുമിച്ച്‌ പങ്കെടുക്കാനാവില്ല.

നിയമ പ്രകാരം ഇന്ത്യൻ പൗരത്വം ഉള്ളവര്‍ക്ക് മാത്രമാണ് ദേശീയ ടീമില്‍ കളിക്കാൻ സാധിക്കൂ. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജര്‍ക്ക് ടീമിന്റെ ഭാഗമാകണമെങ്കില്‍ ഇന്ത്യൻ പൗരത്വം സ്വീകരിക്കുകയും വേണം. പഞ്ചാബ് ഫുട്ബോള്‍ അസോസിയേഷൻ പ്രസിഡന്റ് സമീര്‍ ഥാപ്പറിന്റെ നേതൃത്വത്തിലുളള കര്‍മസമിതി ജനുവരി 31-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കര്‍മസമിതിയിലെ മറ്റ് അംഗങ്ങളെ എഐഎഫ്‌എഫ് പിന്നീട് തീരുമാനിക്കും.

പിഐഒ(Persons of Indian Origin), ഒസിഐ(Overseas Citizens of India) കാര്‍ഡിലുളള ഫുട്ബോള്‍ താരങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കും. രാജ്യത്തെ നിയമം അനുസരിച്ച്‌ നിലവില്‍ ഇവരെ ദേശീയ ടീമുകളില്‍ ഉള്‍പ്പെടുത്താൻ സാധിക്കില്ലെങ്കിലും കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്താനാകുമെന്നാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ വിശ്വാസം. അതിന് മുന്നോടിയായി മതിയായ പഠനം നടത്തേണ്ടതുണ്ടെന്നും എഐഎഫ്‌എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ പറഞ്ഞു.

Related Articles

Back to top button