KeralaLatest

തീരങ്ങളില്‍ മത്തിച്ചാകര

“Manju”

ബേപ്പൂര്‍: മാറാട്-ഗോതീശ്വരം തീരങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ട മത്തിച്ചാകര കണ്ട് നാട്ടുകാര്‍ക്ക് കൗതുകമായി.
വ്യാഴാഴ്ച രാവിലെ എട്ടുമണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ വിവിധ സമയങ്ങളിലായാണ് മത്തിച്ചാകര ഉണ്ടായത്.
തിരമാലയില്‍ പെട്ട് കൂട്ടത്തോടെ കരയിലേക്ക് അടിച്ചു കയറി, തീരത്ത് കിടന്നു പിടക്കുന്ന ജീവനുള്ള മത്തിക്കൂട്ടം കണ്ടപ്പോള്‍ നാട്ടുകാര്‍ ആദ്യം അമ്ബരന്നു. പിന്നീട് ഹര്‍ഷാരവങ്ങളുമായി മത്സ്യം വാരിക്കൂട്ടുകയും ചുറ്റു ഭാഗമുള്ള ആളുകളെ അറിയിക്കുകയും ചെയ്തതോടെ സ്ത്രീകളും കുട്ടികളും അടക്കം പരിസരപ്രദേശങ്ങളിലുള്ളവര്‍ മാറാട്-ഗോതീശ്വരം കടപ്പുറത്തേക്ക് ഓടിയെത്തി.
പെറുക്കിക്കൂട്ടിയ മത്സ്യം ചാക്കുകളിലും, കവറിലും, പാത്രങ്ങളിലും ശേഖരിച്ചു. കൊണ്ടു പോകാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തവര്‍ ഉടുത്തിരുന്ന വസ്ത്രങ്ങളിലടക്കം ശേഖരിച്ച്‌ കൊണ്ടുപോയി. യന്ത്രവല്‍കൃത ബോട്ടുകളുടെയും വള്ളത്തിന്റെയും എന്‍ജിന്‍ ശബ്ദത്തില്‍ ഭയന്ന മത്തിക്കൂട്ടം, ഉള്‍ക്കടലിലേക്ക് രക്ഷപ്പെടുന്നതിന് പകരം എതിര്‍ ദിശയിലേക്ക് സഞ്ചരിച്ചപ്പോള്‍, തിരമാലകളില്‍പെട്ട് കരയിലേക്ക് അടിച്ചു കയറിയതാണെന്ന് പരമ്ബരാഗത മീന്‍ പിടിത്തക്കാര്‍ അഭിപ്രായപ്പെട്ടു.
മണല്‍ പരപ്പുള്ള തീരഭാഗങ്ങളിലാണ് മത്തികള്‍ അടിഞ്ഞത്. കടല്‍ സുരക്ഷാ ഭിത്തികളുള്ള ഭാഗത്ത് മത്തിച്ചാകര കല്ലുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയി.വിവരമറിഞ്ഞതോടെ, പരിസരപ്രദേശങ്ങളില്‍ നിന്നും ആളുകള്‍ കൂടുതലായി എത്തിയെങ്കിലും ഉച്ചയോടെ ചാകര അപ്രത്യക്ഷമായി.

Related Articles

Back to top button