InternationalLatest

മൊറോക്കോ ഭൂകമ്പത്തിൽ മരണം 1000 പിന്നിട്ടു

“Manju”

 

റബാത്ത്: വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ പിടിച്ചുലച്ച ഭൂകമ്ബത്തില്‍ ആയിരത്തിലേറെ പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ലോകത്തെ നടുക്കിയ ദുരന്തം.
ഭൂകമ്ബത്തില്‍ അറ്റ്ലസ് പര്‍വത മേഖലയിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ചരിത്രനഗരമായ മറാകിഷില്‍ കാര്യമായ നാശമുണ്ടായി. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന ആശങ്കയുണ്ട്. ദുരന്തപ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി എത്താൻ അധികൃതര്‍ പ്രയാസപ്പെടുകയാണ്.
മറാകിഷിനും സമീപത്തുള്ള അഞ്ച് പ്രവിശ്യകളിലുമുള്ളവരാണ് മരിച്ചത്. ആയിരത്തോളം പേര്‍ക്ക് പരിക്കുണ്ട്. 205 പേരുടെ പരിക്ക് ഗുരുതരമാണ്. പ്രാദേശിക സമയം രാത്രി 11.11നാണ് റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇത് നിരവധി സെക്കന്റുകള്‍ നീണ്ടു. 19 മിനിറ്റിനുശേഷം 4.9 രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി. അല്‍ഹോസ് പ്രവിശ്യയിലെ ഇഗില്‍ പട്ടണത്തിനടുത്താണ് പ്രഭവകേന്ദ്രം. ഇത് മറാകിഷിന് 70 കിലോമീറ്റര്‍ തെക്കാണ് സ്ഥിതി ചെയ്യുന്നത്. ഭൗമോപരിതലത്തില്‍നിന്ന് 18 കിലോമീറ്റര്‍ ഉള്ളിലായാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ഭൗമശാസ്ത്ര ഏജൻസി അറിയിച്ചു. ഉപരിതലത്തില്‍നിന്ന് 11 കിലോമീറ്റര്‍ ഉള്ളിലായാണ് പ്രഭവകേന്ദ്രമെന്നാണ് മൊറോക്കോ അധികൃതര്‍ പറയുന്നത്.
ഉറക്കത്തിനിടെ അനുഭവപ്പെട്ട ഭൂകമ്ബത്തെ തുടര്‍ന്ന് ഞെട്ടിയുണര്‍ന്ന ജനം വീടിന്റെ പുറത്തേക്കോടി. പാതിരാത്രി ചകിതരായ ആള്‍ക്കൂട്ടം തെരുവില്‍ തടിച്ചുകൂടി. പലരും വീട്ടിലേക്ക് മടങ്ങാൻ ഭയന്നു. കെട്ടിടം തകര്‍ന്നാലോ എന്ന് അവര്‍ ഭയന്നു. ചിലയിടങ്ങളില്‍ വൈദ്യുതിയില്ല. പലയിടത്തും റോഡുകള്‍ തകര്‍ന്നു.മറാകിഷില്‍ 12ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പ്രശസ്തമായ കൗതൗബിയ പള്ളിക്ക് കേടുപറ്റിയിട്ടുണ്ട്. നഗരത്തിലെ ചരിത്ര പ്രസിദ്ധമായ ‘ചുകന്ന മതിലുകള്‍’ക്കും കേടുപറ്റി. ഇതിന്റെ ദൃശ്യങ്ങള്‍ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. യുനെസ്കോ ലോക പൈതൃകപ്പട്ടികയില്‍ പെടുത്തിയതാണ് മതില്‍.


ആംബുലൻസുകള്‍ക്ക് പോകാനും മറ്റുമായി അല്‍ഹൂസ് പ്രവിശ്യയിലുള്ള റോഡുകളിലെ തടസ്സം നീക്കാൻ ശ്രമിക്കുകയാണെന്ന് തലത്ത് എൻയാഖൂബ് നഗരത്തിന്റെ മേയര്‍ അബ്ദുറഹീമെയ്ത് ദാവൂദ് പറഞ്ഞു. പര്‍വത ഗ്രാമങ്ങള്‍ തമ്മില്‍ വലിയ ദൂരമുള്ളതിനാല്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്താൻ പ്രയാസപ്പെടുകയാണ്. മൊറോക്കോ സൈന്യവും അടിയന്തര സേവന വിഭാഗവും റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ഗ്രാമങ്ങളിലെത്താനാകാതെ നില്‍ക്കുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കി.
മൊറോക്കോ ഭൂകമ്ബത്തില്‍ ലോക രാജ്യങ്ങള്‍ ദുഃഖം രേഖപ്പെടുത്തി. നിരവധി രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മൊറോക്കോ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി വിദേശരാജ്യങ്ങളുടെ സഹായം തേടിയിട്ടില്ല. ഔദ്യോഗിക അഭ്യര്‍ഥനയുണ്ടായാല്‍ മാത്രമേ പുറമെ നിന്നുള്ള സഹായങ്ങള്‍ എത്തിത്തുടങ്ങൂ. വെള്ളിയാഴ്ചത്തെ മൊറോക്കോയിലെ ചലനം പോര്‍ചുഗലിലും അല്‍ജീരിയയിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
വടക്കൻ ആഫ്രിക്കയില്‍ ഭൂചലനങ്ങള്‍ പതിവല്ല. എന്നാല്‍ 1960ല്‍ മൊറോക്കോയിലെ അഗാദിര്‍ നഗരത്തിലുണ്ടായ ഭൂചലനത്തില്‍ ആയിരക്കണക്കിനാളുകള്‍ മരിച്ചിരുന്നു. 2004ല്‍ തീരനഗരമായ അല്‍ ഹുസൈമയിലെ ഭൂചലനത്തില്‍ 600 പേരും മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ചലനമായിരുന്നു ഇത്.

Related Articles

Back to top button