IndiaLatest

കോഴി മൃഗമെന്ന് ഗുജറാത്ത് സര്‍ക്കാര്‍

“Manju”

കോഴിയെ പക്ഷിയായി കൂട്ടണോ മൃഗമായി കണക്കാക്കണോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് പ്രകാരം കോഴിയെ മൃഗമായി കണക്കാക്കുന്നു എന്ന നിലപാടാണ് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കോഴിയെ കടകളില്‍ അറുക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നത്.

ആനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, അഹിംസ മഹാസംഘ് എന്നീ സന്നദ്ധ സംഘടനകളാണ് കോഴിയെ ഇറച്ചിക്കടകള്‍ക്ക് അറുക്കാനായി വിതരണം ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നിയമലംഘനം ആരോപിച്ച് തദ്ദേശസ്ഥാപനങ്ങള്‍ ഇറച്ചിക്കടകളില്‍ പരിശോധന നടത്തി അടച്ചുപൂട്ടിച്ചിരുന്നു. ഇതിനെതിരെ കോഴിവില്‍പ്പനക്കാരുടെ സംഘടനയും കോടതിയെ സമീപിച്ചിരുന്നു.

ഈ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോഴികള്‍ പക്ഷികളുടെ പരിധിയില്‍ വരുമോ മൃഗങ്ങളുടെ പരിധിയില്‍ വരുമോ എന്ന ചോദ്യം കോടതി ഉന്നയിച്ചത്. കോഴികള്‍ മൃഗപരിപാലന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സര്‍ക്കാര്‍ പ്ലീഡര്‍ മനീഷ ലവ്കുമാറാണ് കോടതിയെ അറിയിച്ചത്. മത്സ്യങ്ങള്‍ പക്ഷെ ഈ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ പ്ലീഡര്‍ വെളിപ്പെടുത്തിയിരുന്നു.

കോഴികളെ കശാപ്പുശാലകളില്‍ വച്ച് അറക്കുന്നത് പ്രായോഗികമല്ലെന്ന വാദമാണ് കോഴിവില്‍പ്പനക്കാരുടെ സംഘടനയുടെ വാദം. കശാപ്പുശാലകളില്‍ മറ്റുമൃഗങ്ങളെ അറുക്കുന്നതിന് മുമ്പും ശേഷവും മൃഗഡോക്ടര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന നിലവിലെ നിയമം ചൂണ്ടിക്കാട്ടി കോഴികളില്‍ ഇതെങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന ചോദ്യമാണ് കോഴി സംഘടനകളുടെ അഭിഭാഷകന്‍ ഉന്നയിച്ചത്.

പക്ഷികളുടെ പരിധിയിലാണ് കോഴികള്‍ വരുന്നതെന്നാണ് കോടതി വിധിക്കുന്നതെങ്കില്‍ നിലനിന്നിരുന്ന രീതിയില്‍ ഇറച്ചിക്കടകളില്‍ വച്ച് അവയെ അറുക്കാന്‍ തടസ്സമില്ല. എന്നാല്‍ കോഴി മൃഗമാണെന്ന തീര്‍പ്പിലാണ് കോടതി എത്തുന്നതെങ്കില്‍ കശാപ്പുശാലകളില്‍ വച്ച് മാത്രമേ കോഴികളെ ഇനി അറുക്കാന്‍ സാധിക്കുകയുള്ളു.

Related Articles

Back to top button